കൊച്ചി: ഡിപി വേള്‍ഡ് ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി) വികസനത്തിന്റെ അടുത്തഘട്ടത്തിലേക്ക്. ഇതിന്റെ ഭാഗമായി നാല് പുതിയ ഇലക്ട്രിക് ആര്‍ടിജി (റബ്ബര്‍ ടയേര്‍ഡ് ഗാന്‍ട്രി) ക്രെയിനുകള്‍ തുറമുഖത്തെത്തി.
രാജ്യത്തെ പ്രമുഖ ട്രാന്‍ഷിപ്‌മെന്റ് ടെര്‍മിനല്‍, ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വീകാര്യമായ പ്രവേശനമാര്‍ഗം തുടങ്ങിയ ഇടക്കാല ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഐസിടിടിയുടെ വിപുലീകരണവും സുസ്ഥിരതയും ഉറപ്പാക്കുന്ന പുതുഘട്ടം വികസനപ്രവര്‍ത്തനങ്ങളിലൂടെ കഴിയും. 2030ഓടെ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളല്‍ 28 ശതമാനം കുറയ്ക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനും ഇലക്ട്രിക് ആര്‍ടിജി ക്രെയിനുകള്‍ വിന്യസിക്കുന്നതിലൂടെ സാധ്യമാകും.
പുതിയ നാലു ഇലക്ട്രിക് ആര്‍ടിജി ക്രെയിനുകള്‍ക്കു പുറമെ ഡിസംബറില്‍ രണ്ടു അതിനൂതന എസ് ടി എസ് (ഷിപ്പ് – ടു – ഷോര്‍) മെഗാ മാക്സ് ക്രെയിനുകളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി ഡിപി വേള്‍ഡിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിലും സുസ്ഥിരലക്ഷ്യങ്ങള്‍ നേടുന്നതിലും ഇവ നാഴികക്കല്ലായി മാറും.
പ്രവര്‍ത്തന മികവും ഉയര്‍ന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനവും ലക്ഷ്യമിട്ടാണ് കൊച്ചി ഡിപി വേള്‍ഡ് നിരന്തരം യത്‌നിക്കുന്നതെന്ന് സിഇഒ പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു. പുതിയ ആര്‍ടിജി ക്രെയിനുകളുടെ വിന്യാസവും നിലവിലുള്ള ആര്‍ടിജികളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണവും കാര്‍ബണ്‍ വാതക പുറംതള്ളല്‍ ഗണ്യമായി കുറയ്ക്കുമെന്നത് സുസ്ഥിരതാ രംഗത്ത് ഡിപി വേള്‍ഡിനു മുന്‍തൂക്കം നല്‍കും.
ഇക്കൊല്ലം പുതിയ സര്‍വ്വീസ് ലൈനുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. പുതിയ ആര്‍ടിജി ക്രെയിനുകള്‍ ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു.
വിവിധ അന്താരാഷ്ട്ര തുറമുഖങ്ങളിലേക്കും രാജ്യത്തെ ഇരു തീരങ്ങളിലുമായി 12-ലധികം തുറമുഖങ്ങളിലേക്കു നേരിട്ടും ഐസിടിടി് സര്‍വീസ് നടത്തുന്നുണ്ട്. മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഐസിടിടിയെ തെക്ക്, കിഴക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ടെര്‍മിനലാക്കി മാറ്റുന്നു.
മേഖലയിലെ പാതിയിലേറെ ചരക്കുനീക്കവും ഐസിടിടി കേന്ദ്രമാക്കിയാണ്. ട്രാന്‍സ്ഷിപ്‌മെന്റ് വോളിയത്തില്‍ ക്രമാനുഗത വളര്‍ച്ചയാണ് ഐസിടിടി കൈവരിക്കുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് മേഖലയിലെ മൊത്തം ട്രാന്‍സ്ഷിപ്‌മെന്റ് വോളിയത്തിന്റെ 17 ശതമാനവും ഐസിടിടിക്ക് അവകാശപ്പെട്ടതായി.
ഇത് തെക്കുകിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലാക്കി ഐസിടിടിയെ മാറ്റുന്നു.