ദുബൈ: ഗുജറാത്തിൽ മെഗാ കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസിപ്പിക്കാന്‍ ദീന്‍ദയാല്‍ തുറമുഖ അതോറിറ്റി ദുബൈ ഡി.പി വേള്‍ഡുമായി കരാര്‍ ഒപ്പിട്ടു. കരാറിന്‍റെ ഭാഗമായി ഡി.പി. വേൾഡ് 51 കോടി ഡോളർ ഗുജറാത്തിൽ നിക്ഷേപിക്കും.
ഗുജറാത്ത് കണ്ട്ല തുറമുഖത്ത് പ്രതിവര്‍ഷം 21.9 ലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ജനുവരിയിൽ മെഗാ കണ്ടെയ്നർ ടെർമിനൽ വികസിപ്പിക്കാൻ ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡിന് ദീൻദയാൽ തുറമുഖ അതോറിറ്റി അനുമതി നൽകിയിരുന്നു.
കേന്ദ്ര സർക്കാറിന്‍റെ വൻകിട നിക്ഷേപ സംരംഭമായ നാഷനൽ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ഡി.പി വേൾഡും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഹിന്ദുസ്ഥാൻ ഇൻഫ്രാലോഗ് പ്രൈവറ്റ് ലിമിറ്റഡ്.
ഡി.പി വേള്‍ഡ് 30 വര്‍ഷത്തേക്ക് ബി.ഒ.ടി അടിസ്ഥാനത്തിലാണ് കണ്ട്ലയിലെ മെഗാ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഏറ്റെടുത്ത് വികസിപ്പിക്കുക. ആവശ്യമെങ്കില്‍ 20 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഏകദേശം 52 കോടി ഡോളർ ചെലവിൽ നിലവിലുള്ള ദീന്‍ദയാല്‍ തുറമുഖത്തിന് സമീപം ട്യൂണ-ടെക്രയില്‍ മെഗാ കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മിക്കാനാണ് പദ്ധതി.
നിര്‍മാണം പൂര്‍ത്തിയാക്കി ടെര്‍മിനല്‍ നിശ്ചിത വര്‍ഷത്തിനുശേഷം ഇന്ത്യക്ക് കൈമാറും. 2027ല്‍ ടെര്‍മിനലിന്‍റെ വികസനം പൂര്‍ത്തിയാവും.
ഇതോടെ വന്‍തോതില്‍ കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക ചരക്ക് കപ്പലുകള്‍ തുറമുഖത്തേക്ക് അടുപ്പിക്കാന്‍ കഴിയും. ടെര്‍മിനലിനെ റോഡുകള്‍, ഹൈവേകള്‍, റെയില്‍വേ, കണ്ടെയ്നര്‍ നീക്കത്തിന് മാത്രമായുള്ള പാതകള്‍ എന്നിവയുടെ ശൃംഖലയും വികസിപ്പിക്കാൻ പദ്ധതിയുണ്ട്.
ഡി.പി വേൾഡ് നിലവിൽ ഇന്ത്യയിൽ അഞ്ച് കണ്ടെയ്നർ ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിൽ രണ്ടെണ്ണം മുംബൈയിലാണ്.
കൊച്ചി, ചെന്നൈ, മുന്ദ്ര എന്നിവിടങ്ങളിൽ ഓരോ കണ്ടെയ്നർ ടെർമിനലുകളും ഡി.പി വേൾഡ് ആണ് കൈകാര്യം ചെയ്യുന്നത്.