
മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ 12% വർദ്ധനവോടെ 1,114 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. വിശകലന വിദഗ്ദ്ധരുടെ പ്രവചനങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്.
ഡോ.റെഡ്ഡീസിന്റെ ത്രൈമാസത്തിലെ മൊത്ത വരുമാനം 9.4 ശതമാനം വർധിച്ച് 6,332 കോടി രൂപയായി. കൂടാതെ പ്രസ്തുത പാദത്തിലെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള ഏകീകൃത വരുമാനം 40 ശതമാനം ഉയർന്ന് 1,899 കോടി രൂപയായപ്പോൾ പ്രവർത്തന മാർജിൻ 651 ബേസിസ് പോയിന്റ് വർധിച്ച് 29.99 ശതമാനമായി.
കമ്പനിയുടെ മൊത്തം വിറ്റുവരവിന്റെ സിംഹഭാഗവും നൽകുന്ന ആഗോള ജനറിക്‌സ് വിൽപ്പന 18% വർധിച്ച് 5,595 കോടി രൂപയായി. വടക്കേ അമേരിക്ക ഈ വിഭാഗത്തിലെ വളർച്ചയ്ക്ക് നേതൃത്വം നൽകി. ഇത് വിൽപ്പനയിൽ 48% വർദ്ധനവ് കണ്ടു. അതേസമയം യൂറോപ്പിലെ ജനറിക് വിൽപ്പന വളർച്ച 2% ആയിരുന്നു.
അനീമിയ ചികിത്സ മരുന്നായ ലെനാലിഡോമൈഡ് ക്യാപ്‌സ്യൂളുകൾ യുഎസ് വിപണിയിൽ പുറത്തിറക്കിയതും റഷ്യൻ വിൽപ്പനയിലെ തുടർച്ചയായ പുരോഗതിയുമാണ് ആഗോള ജനറിക് വിൽപ്പനയിലെ വളർച്ചയ്ക്ക് കാരണമായതെന്ന് ഡോ.റെഡ്ഡീസ് പ്രസ്താവനയിൽ പറഞ്ഞു.
ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. ഡോ. റെഡ്ഡീസ് ഇന്ത്യയിലും വിദേശത്തുമായി വിപുലമായ ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പനങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. കമ്പനി 190-ലധികം മരുന്നുകൾ, 60 സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ), ഡയഗ്നോസ്റ്റിക് കിറ്റുകൾ, ക്രിട്ടിക്കൽ കെയർ എന്നിവ വാഗ്ദാനം ചെയ്യുന്നു.