ന്യൂഡൽഹി: ജൂൺ പാദത്തിൽ ഡോ.റെഡ്ഡീസ് ലബോറട്ടറീസിന്റെ ഏകീകൃത അറ്റാദായം 108 ശതമാനം ഉയർന്ന് 1,187.60 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 570.80 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ അറ്റാദായം. അതേപോലെ ഡോ.റെഡ്ഡീസിന്റെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 4,919.40 കോടി രൂപയിൽ നിന്ന് 6 ശതമാനം ഉയർന്ന് 5,215.40 കോടി രൂപയായി.
മാർച്ച് പാദത്തിലെ 23.9 ശതമാനവും മുൻ വർഷത്തെ പാദത്തിലെ 20.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ പാദത്തിലെ ഇബിഐടിഡിഎ മാർജിൻ 34.1 ശതമാനമായി ഉയർന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, ഇബിഐടിഡിഎ 1,018.80 കോടിയിൽ നിന്ന് 1,778 കോടി രൂപയായി വർധിച്ചു. എന്നാൽ ഉയർന്ന ചരക്ക് വില, ഉൽപ്പാദന ഓവർഹെഡുകളിലെ പ്രതികൂല സ്വാധീനം, വിലത്തകർച്ച, ഫോറെക്‌സ് സംബന്ധമായ ആഘാതം എന്നിവ കാരണം മൊത്ത ലാഭം 230 ബേസിസ് പോയിന്റ് കുറഞ്ഞതായി കമ്പനി അറിയിച്ചു.
കമ്പനിയുടെ ആഗോള ജനറിക്‌സ്, പിഎസ്എഐ (ഫാർമസ്യൂട്ടിക്കൽ സർവീസസ് ആൻഡ് ആക്ടീവ് ഇൻഗ്രിഡിയന്റ്) ബിസിനസ് വിഭാഗങ്ങളുടെ മൊത്ത ലാഭം യഥാക്രമം 55 ശതമാനവും 15.7 ശതമാനവുമാണ്. അതേസമയം, ഈ കാലയളവിൽ ജിജി സെഗ്‌മെന്റിന്റെ വരുമാനം 4,430 കോടി രൂപയായി.
കൊവിഡ് ഉൽപ്പന്നങ്ങളുടെ സംഭാവനയ്‌ക്കായി ക്രമീകരിച്ച തങ്ങളുടെ അടിസ്ഥാന ബിസിനസ്സ് വരുമാനം നന്നായി വളർന്നതായും, ആവർത്തിച്ചുള്ള ചില വരുമാനങ്ങൾ ലാഭത്തിന് സഹായകമായതായും കമ്പനിയുടെ എംഡിയായ ജി.വി. പ്രസാദ് പറഞ്ഞു.