മുംബൈ:മാപ്പിംഗ്, സെക്യൂരിറ്റി, നിരീക്ഷണ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ഐഡിയഫോര്‍ജ്, പ്രാരംഭ പബ്ലിക് ഓഫറിം (ഐപിഒ)ഗിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി), സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മുന്‍പാകെ സമര്‍പ്പിച്ചു. അനുമതി ലഭ്യമാകുന്ന പക്ഷം പ്രധാന ബോര്‍ഡില്‍ ഇടം പിടിക്കുന്ന ആദ്യ ഡ്രോണ്‍ ഓഹരി ഐഡിയഫോര്‍ജിന്റേതാകും. ദ്രോണാചാര്യ ഏരിയല്‍ ഇന്നൊവേഷന്‍സ് 2022 ഡിസംബറില്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
ഏകദേശം 300 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ഒഎഫ്എസും ചേര്‍ന്നതായിരിക്കും ഐഡിയഫോര്‍ജിന്റെ ഐപിഒ. പ്രമോട്ടര്‍ ഗ്രൂപ്പും, ക്വാല്‍കോം, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഉള്‍പ്പടെയുള്ള നിക്ഷേപകരും ഒഎഫ്എസ് നടത്തും. നിര്‍ദിഷ്ട ഐപിഒ വരുമാനം കടം തീര്‍ക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ഉല്‍പ്പന്ന വികസനത്തിനും ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു. ജെഎം ഫിനാന്‍ഷ്യലും ഐഐഎഫ്എല്‍ ക്യാപിറ്റലും നിക്ഷേപ ബാങ്കുകളാകുമ്പോള്‍ ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗല്‍ദാസും ഖൈതാന്‍ ആന്‍ഡ് കോയുമാണ് നിയമോപദേശകരാകുന്നത്.
പ്രതിരോധ, ആഭ്യന്തര സുരക്ഷാ യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്) സെഗ്മെന്റിലെ മാര്‍ക്കറ്റ് ലീഡറാണ് ഐഐടി ബോംബെ പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ഐഡിയഫോര്‍ജ്. കമ്പനി വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് ഇന്ത്യയിലുടനീളം പ്രവര്‍ത്തനവിന്യാസമുണ്ട്. ഓരോ അഞ്ച് മിനിറ്റിലും നിരീക്ഷണത്തിനും മാപ്പിംഗിനുമായി ഒരു ഐഡിയ ഫോര്‍ജ് ഡ്രോണ്‍ ടേക്ക് ഓഫ് ചെയ്യപ്പെടുന്നു.
യുഎവികള്‍ ഇതിനോടകം 300,000-ലധികം ഫ്‌ലൈറ്റുകള്‍ പൂര്‍ത്തിയാക്കി. ഡ്രോണ്‍ ഇന്‍ഡസ്ട്രി ഇന്‍സൈറ്റ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഡ്യുവല്‍ യൂസ് വിഭാഗത്തില്‍ (സിവില്‍, ഡിഫന്‍സ്) കമ്പനി ആഗോളതലത്തില്‍ ഏഴാം സ്ഥാനക്കാരാണ്. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (‘VTOL’) യുഎവികള്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചു.
ക്വാല്‍കോം, ഇന്‍ഫോസിസ്, ഫ്‌ലോറിന്‍ട്രീ ക്യാപിറ്റല്‍ പാര്‍ട്ണേഴ്സ് പിന്തുണയുള്ള കമ്പനിയാണ് ഐഡിയ ഫോര്‍ജ്. മുന്‍ ബ്ലാക്ക്സ്റ്റോണ്‍ എക്സിക്യുട്ടീവ് മാത്യു സിറിയക് സഹസ്ഥാപകനാണ്.