ന്യൂഡല്‍ഹി: വലിയ തകര്‍ച്ച നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികളില്‍ നിക്ഷേപം ഉയര്‍ത്തിയിരിക്കയാണ് ഡിഎസ്പി മ്യൂച്വല്‍ ഫണ്ട്. എസിസി, അംബുജ സിമന്റ്സ്, അദാനി പോര്‍ട്ട്സ് & സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ എന്നിവയിലെ നിക്ഷേപമാണ് അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) വര്‍ദ്ധിപ്പിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട്, ‘കടബാധ്യത ആശങ്ക’ ഉയര്‍ത്തിയതിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ വന്‍ ഇടിവ് നേരിട്ടിരുന്നു.
2023 ജനുവരി 24 നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ജനുവരി 25 മുതല്‍ ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ഇതിനോടകം 100 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം ഗ്രൂപ്പിന് നഷ്ടപ്പെട്ടിട്ടുണ്ട്.
ഡിഎസ്പി നിക്ഷേപമുയര്‍ത്തിയ ഓഹരികള്‍
എസിസി: 2022 ഡിസംബര്‍ 31 വരെ ഡിസിപി മ്യൂച്വല്‍ ഫണ്ടിന് 17,01,917 ഓഹരികളാണുണ്ടായിരുന്നത്. ഇത് അടച്ചുതീര്‍ത്ത മൂലധനത്തിന്റെ 0.91 ശതമാനമായിരുന്നു. 2023 ജനുവരി 31 ലെ കണക്കനുസരിച്ച് ഡിഎസ്പിയുടെ ഓഹരികളുടെ എണ്ണം 17,51,561 ആയി ഉയര്‍ന്നു. അതായത് ഓഹരി പങ്കാളിത്തം 0.93 ശതമാനമായി എന്നര്‍ത്ഥം.ഷോര്‍ട്ട് സെല്ലേഴ്സ് റിപ്പോര്‍ട്ട് അവഗണിച്ച് പോര്‍ട്ട്ഫോളിയോയില്‍ 0.02 ശതമാനം അധിക എസിസി സ്റ്റോക്കുകളാണ് മ്യൂച്വല്‍ ഫണ്ട് ചേര്‍ത്തത്.
കഴിഞ്ഞ 14 സെഷനുകളില്‍ കമ്പനി ഓഹരി വില 2,335 രൂപയില്‍ നിന്ന് 1,845 രൂപയായി കുറഞ്ഞിട്ടുണ്ട്.
അംബുജ സിമന്റ്‌സ്: 2023 ജനുവരി 31 വരെ, ഡിഎസ്പി മ്യൂച്വല്‍ ഫണ്ടിന് 46,91,706 അംബുജ സിമന്റ്സ് ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയുടെ 0.24 ശതമാനം ഓഹരികണ്ട്. ഇതിനര്‍ത്ഥം, 2023 ജനുവരിയില്‍ എഎംസി അതിന്റെ ഓഹരി പങ്കാളിത്തം 0.17 ശതമാനത്തില്‍ നിന്ന് 0.24 ശതമാനമായി വര്‍ദ്ധിപ്പിച്ചുവെന്നാണ്. കഴിഞ്ഞ 14 സെഷനുകളില്‍ അംബുജ സിമന്റ്സ് ഓഹരി വില ഏകദേശം 500 മുതല്‍ 345 രൂപ വരെ ഇടിവ് നേരിട്ടു.
അദാനി ട്രാന്‍സ്മിഷന്‍: 2023 ജനുവരി അവസാനത്തോടെ കനത്ത വില്‍പന സമ്മര്‍ദ്ദമുണ്ടായിട്ടും എഎംസി ഈ അദാനി ഗ്രൂപ്പ് സ്റ്റോക്കിലെ ഓഹരികള്‍ ഉയര്‍ത്തി. 2022 ഡിസംബര്‍ 31 വരെ, ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് 25,637 കമ്പനി ഓഹരികള്‍ കൈവശം വച്ചിരുന്നു. അത് 2023 ജനുവരി 31-ന് 26,576 ആയി മാറി. അദാനി ട്രാന്‍സ്മിഷന്‍ ഓഹരി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് ശേഷം 2760 രൂപയില്‍ നിന്നും 1020 രൂപയായി ഇടിഞ്ഞു.
അദാനി പോര്‍ട്ട്‌സ് ആന്റ് എക്കണോമിക് സോണ്‍: എഎംസിയ്ക്ക് കമ്പനിയില്‍ 0.10 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. നിലവിലിത് 0.313 ശതമാനമായി ഉയര്‍ന്നു. 760 രൂപയില്‍ നിന്നും 570 രൂപയിലേയ്ക്കായിരുന്നു ഓഹരിയുടെ വീഴ്ച.
അദാനി ഗ്രീന്‍ എനര്‍ജി: നേരത്തെ പോര്‍്ട്ട് പോളിയോയിലുണ്ടായിരുന്ന 32,036 എണ്ണം ഓഹരികള്‍ 33,199 എണ്ണമായി എഎംസി ഉയര്‍ത്തി. 1915 രൂപയില്‍ നിന്നും 620 രൂപയിലേയ്ക്കായിരുന്ന അദാനി ടോട്ടല്‍ എനര്‍ജി ഓഹരിയുടെ തകര്‍ച്ച.
അദാനി ടോട്ടല്‍: 25276 എണ്ണം ഓഹരികളാണ് എഎംസി പോര്‍ട്ട്‌ഫോളിയോയിലുണ്ടായിരുന്നത്. ജനുവരി അവസാനത്തോടെ ഇത് 26194 എണ്ണമായി വളര്‍ന്നു. അവസാന 14 ട്രേഡിംഗ് സെഷനില്‍ കമ്പനി ഓഹരി 3890 രൂപയില്‍ നിന്നും 1075 രൂപയിലേയ്ക്കാണ് കൂപ്പുകുത്തിയത്.