ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 9–ാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയതായി എയർപോർട്സ് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) റിപ്പോർട്ട്.
ലണ്ടനിലെ ഹീത്രോ ആണ് രണ്ടാമത്. ആംസ്റ്റർഡാം, പാരിസ് എന്നിവയാണ് 3, 4 സ്ഥാനത്ത്. കഴിഞ്ഞ വർഷം 6.6 കോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ വന്നു പോയത്.
കോവിഡ് നിയന്ത്രണം പൂർണമായും നീങ്ങാത്ത 2021ൽ 2.91 കോടി ആളുകൾ വിമാനത്താവളം ഉപയോഗിച്ചു. രാജ്യാന്തര മേളകൾക്കും ഉച്ചകോടികൾക്കും ദുബായ് ആതിഥ്യം വഹിക്കുന്നതിനാൽ ഇക്കൊല്ലം സഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകും.
ദുബായ് എയർഷോ, നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി (കോപ്28) എന്നിവ സഞ്ചാരികളെ കൂടുതലായി ആകർഷിച്ചേക്കും.