ദുബായ്: ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ടനഗരമായി ദുബായ്. റജിസ്റ്റർ ചെയ്ത മൊത്തം കമ്പനികളിൽ ഇന്ത്യൻ കമ്പനികൾക്കാണ് ഒന്നാം സ്ഥാനം.
ഈ വർഷം ആദ്യ പകുതിയിൽ പുതുതായി റജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി ദുബായ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി.
6 മാസത്തിനിടെ 30,146 പുതിയ കമ്പനികളിൽ 6,717 (22.3%) എണ്ണം ഇന്ത്യക്കാരുടേതാണ്. 2022ൽ ഇതേ കാലയളവിൽ 4,485 കമ്പനികളാണ് ഇന്ത്യക്കാർ റജിസ്റ്റർ െചയ്തത്. ഇന്ത്യൻ കമ്പനികളുടെ വളർച്ചാനിരക്ക് 39% വരും.
ഇതോടെ ദുബായിൽ മാത്രം ഇന്ത്യൻ കമ്പനികളുടെ എണ്ണം 90,118 ആയി ഉയർന്നു. എമിറേറ്റിന്റെ സുസ്ഥിര വളർച്ചയ്ക്ക് ഇന്ത്യൻ കമ്പനികളുടെ സംഭാവന വിലപ്പെട്ടതാണെന്ന് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി.
ഫ്രീസോണിന് അകത്തും പുറത്തും (തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ) 100% ഉടമസ്ഥാവകാശം, ലൈസൻസും വീസയും കിട്ടാൻ എളുപ്പം, സ്റ്റാർട്ടപ് ഉൾപ്പെടെ നൂതന സംരംഭം തുടങ്ങുന്നതിനുള്ള പിന്തുണ, വ്യാപാര സുരക്ഷിതത്വം, ലളിത നിയമ–നിയന്ത്രണങ്ങൾ, ബിസിനസ് അനുകൂല അന്തരീക്ഷം, റീ എക്സ്പോർട്ട് സൗകര്യം, സ്മാർട്ട് സേവനങ്ങൾ, കുറഞ്ഞ ചെലവിൽ ലൈസൻസ്, റിമോട്ട് ഓഫിസ് ഉൾപ്പെടെയുള്ള ബിസിനസ് രീതി, വിദഗ്ധ ജോലിക്കാരുടെ ലഭ്യത, വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിനുള്ള സൗകര്യം, ഗോൾഡൻ വീസ എന്നിവയാണ് ദുബായിലേക്ക് ഇന്ത്യക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ) ആകർഷണവും ഇന്ത്യൻ വ്യവസായികളുടെ ഒഴുക്കിനു കാരണമായി.
പുതിയ കമ്പനികളുടെ എണ്ണത്തിൽ യുഎഇ രണ്ടാമത്. സ്വദേശികളുടേതായി 4,445 കമ്പനികൾ റജിസ്റ്റർ ചെയ്തു. 3,395 പുതിയ കമ്പനികളുമായി പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്തുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പാക്കിസ്ഥാൻ കമ്പനികളുടെ എണ്ണത്തിൽ 59% വർധനയുണ്ട്.
ദുബായിൽ കമ്പനികൾ തുറക്കുന്ന വ്യത്യസ്ത രാജ്യക്കാരുടെ എണ്ണം കൂടുന്നത് ചലനാത്മക ബിസിനസ് അന്തരീക്ഷമാണ് സൂചിപ്പിക്കുന്നതെന്ന് ദുബായ് ചേംബേഴ്‌സ് പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത പറഞ്ഞു.
നിക്ഷേപ അനുകൂല അന്തരീക്ഷവും സുതാര്യ നടപടിക്രമങ്ങളും വ്യാപാര, വിപണന സൗകര്യവും സൗഹൃദ സേവന സമീപനവുമാണ് വിവിധ രാജ്യക്കാരെ ആകർഷിക്കുന്നതിലേക്കു നയിച്ചത്. 2023ലെ ആദ്യ 6 മാസത്തിനിടെ പുതിയ കമ്പനികളുടെ എണ്ണത്തിൽ മൊത്തം 43% വർധനയുണ്ടെന്ന് ലൂത്ത സൂചിപ്പിച്ചു.
ഈജിപ്തിൽ നിന്നുള്ള കമ്പനികളുടെ എണ്ണം 2022നെ അപേക്ഷിച്ച് 102% (2154) ആയി വർധിച്ചു. ഇതോടെ ദുബായിലെ മൊത്തം ഈജിപ്ത് കമ്പനികളുടെ എണ്ണം 18,028 ആയി.
സിറിയൻ കമ്പനികൾ 24% (1184) വർധിച്ച് മൊത്തം 10,678 ആയി. ബംഗ്ലദേശ് 47%, യുകെ 40%, ചൈന 69%, ലബനൻ 26%, ജപ്പാൻ 253%, കിർഗിസ്ഥാൻ 167%, ടാൻസനിയ 145%, ഹംഗറി 138%.
പുതുതായി റജിസ്റ്റർ ചെയ്ത കമ്പനികളിൽ 42.4% വ്യാപാരം, അറ്റകുറ്റപ്പണി സേവന വിഭാഗങ്ങളിലുള്ളതാണ്. 30.8% റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് സേവന മേഖലകളിലും. നിർമാണ മേഖലയിലുള്ള കമ്പനികളാണ് മൂന്നാം സ്ഥാനത്ത് (7.2%).
ഗതാഗതം, സംഭരണം, ടെലികമ്യൂണിക്കേഷൻ എന്നീ മേഖലകളിലാണ് ശേഷിച്ച (6.3%.) കമ്പനികൾ പ്രവർത്തിക്കുക.