ന്യൂഡല്‍ഹി: റിലയന്‍സ് റീട്ടെയിലിന്റെയും ഗൂഗിളിന്റെയും പിന്തുണയുള്ള ഹൈപ്പര്‍ലോക്കല്‍ ക്വിക്ക് കൊമേഴ്‌സ് കമ്പനി ഡന്‍സോ ജീവനക്കാരുടെ 50 ശതമാനം ശമ്പളം പിടിച്ചുവെച്ചു. ബിസിനസ് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനേജര്‍ ഗ്രേഡിലും അതിനു മുകളിലുമുള്ള ജീവനക്കാരുടെ ശമ്പളത്തിലാണ് വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.
‘മാനേജര്‍ ഗ്രേഡിലും അതിനു മുകളിലുമുള്ള എല്ലാ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂ. പിടിച്ചുവച്ച ശമ്പളം പിന്നീട് നല്‍കാമെന്ന് കമ്പനി പറയുന്നു, ‘വൃത്തങ്ങള്‍ അറിയിച്ചു.
കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരന്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്.’ജൂലൈ 15 നും 25 നും ഇടയില്‍ ബാക്കി ശമ്പളം ലഭിക്കുമെന്ന് ഞങ്ങളെ അറിയിച്ചു. പണ പ്രതിസന്ധിക്കിടെ പുനഃസംഘടനയെക്കുറിച്ച് അഭ്യൂഹങ്ങളുണ്ട്,’ അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
റിലയന്‍സ് റീട്ടെയില്‍, ഗൂഗിള്‍, മറ്റ് നിക്ഷേപകര്‍ എന്നിവരില്‍ നിന്ന് 75 മില്യണ്‍ ഡോളര്‍ ധനസഹായം നേടിയ ശേഷം ക്വിക്ക് കൊമേഴ്‌സ് കമ്പനി 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 50 ശതമാനം സ്റ്റോറൂമുകള്‍ അടച്ചുപൂട്ടാനും തീരുമാനമുണ്ടായി. 2021-22 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 67.7 കോടി രൂപയാണ് വരുമാനം നേടിയത്.
അതേസമയം ചെലവ് 531.7 കോടി രൂപയാണ്.