കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള ഇ-കൊമേഴ്സ് ശൃംഖലയായ ഒഎന്‍ഡിസി (ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) ഇടപാടുകള്‍ സജീവമാക്കുന്നു. കഴിഞ്ഞദിവസം മുംബൈയില്‍ സന്നദ്ധവ്യവസായ സംരംഭകരുടെ യോഗം ചേര്‍ന്നു. 8000ലധികം സംരംഭകര്‍ പങ്കെടുത്ത യോഗത്തില്‍ മികച്ച പ്രതീകരണമാണ് ഉയര്‍ന്നത്. മലയാളി സംരംഭകര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാര്ക്കു ബദലായാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) അവതരിപ്പിച്ചത്.
ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ചു നില്ക്കുന്ന നിലവിലെ ഇ-കൊമേഴ്സ് രംഗത്തെ പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎന്‍ഡിസി ചെയ്യുന്നത്.
ആമസോണ്‍ പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) പോലൊരു സംവിധാനമാണ് ഒഎന്‍ഡിസി കൊണ്ടുദ്ദേശിക്കുന്നത്.
തദ്ദേശീയ സംരംഭമായ ഒഎന്‍ഡിസിക്ക് സ്വീകാര്യതയേറുമെന്നുറപ്പാണ്. തങ്ങളുടെ സേവനങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാന്‍ സംരംഭകരെ സഹായിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്ലാറ്റ്ഫോം കൂടിയാണ് ഒഎന്‍ഡിസി (ഡിജിറ്റല്‍ കൊമേഴ്സിന് ഓപ്പണ്‍ നെറ്റ്വര്‍ക്ക്).
2022 സെപ്റ്റംബര്‍ മുതല്‍ ഈ ആപ്പ് നിലവിലുണ്ട്. ചെറുകിട ചില്ലറ വ്യാപാരികള്‍ക്ക് ഇ-കൊമേഴ്സ് മാധ്യമത്തിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഈ മേഖലയിലെ ഭീമന്മാരുടെ ആധിപത്യം കുറയ്ക്കാനുമാകും.
വ്യാപാര-വിപണന മേഖലയിലെ അടിസ്ഥാനവികസനം ഉള്‍പ്പെടെയുള്ളവയ്ക്കാണ് ഒഎന്‍ഡിസി നേതൃത്വം നല്‍കുന്നത്. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവില്നടക്കുന്ന തട്ടിപ്പുകള്‍ തടയുക കൂടി ഈ പ്ലാറ്റ്ഫോം ലക്ഷ്യം വയ്ക്കുന്നു.
ഇന്ത്യക്കുള്ളില്‍ ഏകദേശം 30,000 വ്യാപാരികളും അവരുടെ 37 ലക്ഷം ഉത്്പന്നങ്ങളും നിലവില്‍ ഒഎന്‍ഡിസിയുടെ ഭാഗമാണ്.
യുപിഐ സംവിധാനം പോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്ന മറ്റൊന്നു കൂടിയുണ്ട്. പലചരക്ക്, ഫാഷന്‍, യാത്ര, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് പ്രവേശനം നല്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായി ഒഎന്‍ഡിസിയെ വിപുലീകരിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിരുന്നു യോഗം.
ക്രെഡിറ്റ്, ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള സാമ്പത്തിക ഓപ്ഷനുകള്‍ കൂടി ഉള്‍പ്പെടുത്തി ഈ പ്ലാറ്റ്ഫോമിനെ വിപുലീകരിക്കാനും പദ്ധതിയുണ്ട്.
പുതിയ മാറ്റങ്ങളോടെ ഒഎന്‍ഡിസി ഉടന്‍ വിപണിയില്‍ സജീവമാകും. എംഎസ്എംഇകളെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിച്ചേരുന്നതിനു പിന്തുണയ്ക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രാഥമിക ലക്ഷ്യം.
ഇന്ത്യയില്‍ സ്വിഗി, സൊമാറ്റോ എന്നി ഫുഡ് ഡെലിവറി ആപ്പുകളുമായും ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് ഭീമന്മാരുമായാണ് ഒഎന്‍ഡിസി മത്സരിക്കുന്നത്.
ഇടനിലക്കാരില്ലാതെ ഇന്ത്യയിലെ വ്യാപാരികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ക്രോസ്ബോര്‍ഡര്‍ ഇടപാടുകളും ഒഎന്‍ഡിസി ലക്ഷ്യം വയ്ക്കുന്നു.