
ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അയയുന്നു. ഇതിന്റെ ഫലമായി 286ഇനങ്ങളുടെ ഇറക്കുമതിയിലെ നിയന്ത്രണങ്ങള്‍ ദ്വീപ് രാഷ്ട്രം നീക്കി. ധനമന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പതിറ്റാണ്ടുകളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നാണ് കൊളംബോ ക്രമേണ കരകയറുന്നത്.
ചൈനയില്‍ നിന്നും വന്‍ പലിശക്ക് വായ്പകള്‍ വാങ്ങിക്കൂട്ടിയത് ഈ ചെറു രാജ്യത്തിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. അതിനിടയില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ ആഘാതവും കൂടി ആയപ്പോള്‍ ശ്രീലങ്ക തകര്‍ച്ചയില്‍നിന്നും കൂടുതല്‍ പ്രതിസന്ധികളിലേക്ക് വീണു.
1948-ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ശ്രീലങ്ക കഴിഞ്ഞ വര്‍ഷം കൂപ്പുകുത്തിയത്. വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞു.
ഇത് അവശ്യ വസ്തുക്കളുടെ കടുത്ത ക്ഷാമത്തിന് കാരണമാവുകയും വന്‍ ജനകീയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ജനങ്ങള്‍ തെരുവില്‍ കലാപം നടത്തി. പ്രസിഡന്റിന് നാടുവിടേണ്ട സാഹചര്യവും സൃഷ്ടിക്കപ്പെട്ടു.
ടൂറിസം പ്രധാന വരുമാന മാര്‍ങ്ങളില്‍ ഒന്നായ ശ്രീലങ്കക്ക് 2019 ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചില്‍ നടന്ന സ്ഥോടനം താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഈ ദുരന്തത്തില്‍ 45 വിദേശികള്‍ അടക്കം 269 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
അതോടെ വിനോദ സഞ്ചാര മേഖലയില്‍ ആളൊഴിഞ്ഞു. പിന്നീട് കോവിഡിന്റെ വരവായിരുന്നു.
അതിനുശേഷം ഇപ്പോഴാണ് കൊളംബോ അല്‍പ്പമെങ്കിലും സാമ്പത്തികമായി മെച്ചപ്പെടുന്നത്.
വിദേശനാണ്യത്തിലെ പ്രതിസന്ധിയെത്തുടര്‍ന്ന് 2022 ഏപ്രിലില്‍ ശ്രീലങ്ക അന്താരാഷ്ട്ര കടബാധ്യത പ്രഖ്യാപിച്ചിരുന്നു.മാര്‍ച്ചില്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ ജാമ്യ പാക്കേജ് നേടിയതിന് ശേഷം ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു.
ഐഎംഎഫ് ലൈഫ്ലൈന്‍ ശ്രീലങ്കയെ അതിന്റെ വിദേശ നാണയ ശേഖരം വര്‍ധിപ്പിക്കാനും പണപ്പെരുപ്പം സ്ഥിരപ്പെടുത്താനും സഹായിച്ചു.
സമ്പദ്വ്യവസ്ഥയുടെ ദുരിതാവസ്ഥയ്ക്ക് മാറ്റം വന്നതോടെയാണ് 286 ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയത്.
എന്നാല്‍ 2020 മാര്‍ച്ചില്‍ നിരോധിച്ച വാഹന ഇറക്കുമതി ഉള്‍പ്പെടെ 928 ഇനങ്ങളുടെ നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രാലയം പറയുന്നു.
ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓപ്ഷനുകളും കുറഞ്ഞ ചിലവ് ബദലുകളും നല്‍കിക്കൊണ്ട് വിലയെ സ്വാധിനിക്കുമെന്ന് ധനകാര്യ സഹമന്ത്രി ഷെഹാന്‍ സേമസിംഗെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ചോക്ലേറ്റുകള്‍, പെര്‍ഫ്യൂമുകള്‍, ഷാംപൂകള്‍ തുടങ്ങിയ 300 ഉപഭോക്തൃ വസ്തുക്കളുടെ ഇറക്കുമതിയാണ് സര്‍ക്കാര്‍ നിരോധിച്ചത്.
ശ്രീലങ്കയുടെ കരുതല്‍ വിദേശനാണ്യശേഖരം മെയ് മാസത്തില്‍ 26 ശതമാനം വര്‍ധിച്ച് 722 മില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.
സമ്പദ് രംഗത്ത് മികച്ച നല്ല സൂചനകള്‍ ദൃശ്യമാകുന്നുണ്ട്. എന്നാല്‍ സമ്പൂര്‍ണ സാമ്പത്തിക വീണ്ടെടുക്കലിലേക്കുള്ള ശ്രീലങ്കയുടെ പാത ഇപ്പോഴും ശ്രമകരമാണ്.
രാജ്യം അതിന്റെ കടക്കാരുമായി, പ്രത്യേകിച്ച് ചൈന, ഇന്ത്യ, ജപ്പാന്‍ എന്നിവരുമായി കടം പുനഃക്രമീകരിക്കല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും സെപ്റ്റംബറിലെ ആദ്യ ഐഎംഎഫ് അവലോകനത്തിന് മുമ്പായി പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
നികുതി വര്‍ധന,നഷ്ടമുണ്ടാക്കുന്ന സംസ്ഥാന ബിസിനസ് സംരംഭങ്ങളെ വിറ്റഴിക്കല്‍,യൂട്ടിലിറ്റി നിരക്ക് വര്‍ധന തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് എഎംഎഫ് ആഹ്വാനം ചെയ്തു.
ആത്മാര്‍ത്ഥ സുഹൃത്തും പങ്കാളി എന്ന നിലയിലും സാമ്പത്തികവും മാനുഷികവുമായ പ്രതിസന്ധി ഘട്ടത്തില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യ ബഹുമുഖ സഹായം നല്‍കിയിട്ടുണ്ട്.
അവശ്യ വസ്തുക്കളുടെ വിതരണം, പെട്രോളിയം, വളം, റെയില്‍വേ വികസനം, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ മേഖല, പുനരുപയോഗ ഊര്‍ജം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യ കൊളംബോയിലേക്ക് നാല് ബില്യണ്‍ ഡോളറിന്റെ വായ്പകള്‍ അനുവദിച്ചു.
ഇന്ന് പുതിയ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ലങ്ക.