കൊച്ചി: ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറ നിക്ഷേപത്തിന് അവസരമൊരുക്കുന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വിലയിരുത്തി. പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി വളര്‍ച്ചാ നിരക്ക്, ജിഎസ്ടി ശേഖരണം, മാനുഫാക്ചറിംഗ് പിഎംഐ, വാഹന വില്‍പ്പന, ആകര്‍ഷകമായ ക്രെഡിറ്റ് വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. ഉയര്‍ന്ന ആവൃത്തി സൂചകങ്ങള്‍ ശക്തവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയെയാണ് കുറിക്കുന്നത്.
മാത്രമല്ല, 2024 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച ഏകദേശം 6.5 ശതമാനം വരെയാകും. ഇതോടെ കോര്‍പറേറ്റ് വരുമാനവും മെച്ചപ്പെടും. പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയില്‍ ഒതുങ്ങുന്നതോടെ 2023 രണ്ടാം പാദം വലിയ സാധ്യതയാണ് തുറന്നു തരുന്നത്.
മറ്റൊരു പ്രധാന പ്രവണത, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെ ശക്തമായ പ്രകടനമാണ്. അതേസമയം ആഗോള സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. നിഫ്റ്റിയുടെ റേഞ്ച്-ബൗണ്ട് ചലനത്തിനുള്ളില്‍ സ്റ്റോക്ക് കേന്ദ്രീകൃത തന്ത്രം സ്വീകരിച്ച് മുന്നോട്ട് പോകാന്‍ വിജയകുമാര്‍ നിര്‍ദ്ദേശിച്ചു.