മുംബൈ: ഇകോസ് (ഇന്ത്യ) മൊബിലിറ്റി ആന്റ് ഹോസ്‌പിറ്റാലിറ്റിയുടെ(Ecos Mobility) ഓഹരികള്‍ ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍(Stock Exchanges) ലിസ്റ്റ് ചെയ്‌തു. ഇഷ്യു വിലയേക്കാള്‍(Issue Price) 17 ശതമാനം പ്രീമിയത്തോടെയാണ് ഈ ഓഹരി വ്യാപാരം തുടങ്ങിയത്.
334 രൂപ ഇഷ്യു വിലയുള്ള പ്രീമിയര്‍ എനര്‍ജീസ് ബിഎസ്‌ഇയില്‍ 391.30 രൂപയിലും എന്‍ഇഎസ്‌ഇയില്‍ 390 രൂപയിലുമാണ് ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 426 രൂപ വരെ ഉയര്‍ന്നു.
ഓഗസ്റ്റ് 28 മുതല്‍ 30 വരെയായിരുന്നു ഇകോസ് (ഇന്ത്യ) മൊബിലിറ്റി ആന്റ് ഹോസ്‌പിറ്റാലിറ്റിയുടെ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ നടന്നത്. 601.20 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്.
പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് വിറ്റത്.
കോര്‍പ്പറേറ്റുകള്‍ക്ക് വാടകയ്‌ക്ക് കാര്‍ സേവനം നല്‍കുന്ന കമ്പനിയാണ് ഇകോസ് മൊബിലിറ്റി. 25 വര്‍ഷമായി കമ്പനി ഈ രംഗത്തുണ്ട്. വിവിധ മേഖലകളിലുള്ള കമ്പനികള്‍ക്കായി ആഡംബര കാറുകള്‍ മുതല്‍ ചെലവ് കുറഞ്ഞ വാഹനങ്ങള്‍ വരെ കമ്പനി സേവനത്തിനായി നല്‍കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 62.5 കോടി രൂപയാണ് കമ്പനി കൈവരിച്ച ലാഭം. 43 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്.
2021-22, 2023-24 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ കമ്പനി 93.63 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. ഇക്കാലയളവില്‍ വരുമാനം 151.55 കോടി രൂപയില്‍ നിന്നും 568.20 കോടി രൂപയായി ഉയര്‍ന്നു.