മുംബൈ: എഡൽവീസ് ഗോൾഡ് ആൻഡ് സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കി എഡൽവീസ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. ഈ ഫണ്ട് 2022 സെപ്‌റ്റംബർ 7 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. സ്വർണ്ണത്തിനും വെള്ളിക്കുമായി വകയിരുത്തുന്ന വ്യവസായത്തിലെ ആദ്യത്തെ ഫണ്ടെന്ന പ്രത്യേകതയും ഈ ഫണ്ടിനുണ്ട്. ഭവേഷ് ജെയിൻ, ഭാരത് ലഹോട്ടി എന്നിവർ ചേർന്നാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.
പണപ്പെരുപ്പത്തിനെതിരായ സംരക്ഷണം നൽകുന്നതിനാൽ സ്വർണവും വെള്ളിയും നിലവിലെ കാലത്ത് ജനപ്രിയ നിക്ഷേപ ഉപകരണങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും. ഈ വിലയേറിയ ലോഹങ്ങൾക്ക് ഇക്വിറ്റികളുമായി കുറഞ്ഞ ബന്ധമെ ഉള്ളു എന്നതിനാൽ മികച്ച വൈവിധ്യവൽക്കരണം വാഗ്ദാനം ചെയ്യുന്നതായും ഫണ്ട് ഹൗസ് പത്രക്കുറിപ്പിൽ പറഞ്ഞു.
ഭൗതികമായ സ്വർണ്ണവും വെള്ളിയുമായി താരതമ്യപ്പെടുത്തുമ്പോൾ, മ്യൂച്വൽ ഫണ്ട് ഘടന കൂടുതൽ സൗകര്യവും താങ്ങാനാവുന്ന വിലയും പണലഭ്യതയും വാഗ്ദാനം ചെയ്യുന്നതായി ഫണ്ട് ഹൗസ് അറിയിച്ചു.
മാന്ദ്യകാലത്ത് സ്വർണം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ വിലയേറിയ മെറ്റൽ ബുൾ റാലികളിൽ വെള്ളി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും മിശ്രിതമാണ് അനുയോജ്യമെന്ന് എഡൽവീസ് അസറ്റ് മാനേജ്‌മെന്റ് പറഞ്ഞു.