മുംബൈ: ഇക്വിറ്റി പാസീവ് വിഭാഗത്തിൽ മൂന്ന് പുതിയ ഫണ്ടുകൾ പുറത്തിറക്കി എഡൽവീസ് മ്യൂച്വൽ ഫണ്ട്. എഡൽവീസ് നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സ് ഫണ്ട്, എഡൽവീസ് നിഫ്റ്റി മിഡ്ക്യാപ് 150 മൊമെന്റും 50 ഇൻഡക്സ് ഫണ്ട്, എഡൽവീസ് നിഫ്റ്റി സ്മാൾക്യാപ് 250 ഇൻഡക്സ് ഫണ്ട് എന്നി ഓപ്പൺ-എൻഡ് ഇക്വിറ്റി സ്കീമുകളാണ് ഫണ്ട് ഹൗസ് അവതരിപ്പിച്ചത്.
ഇതിനുള്ള പുതിയ ഫണ്ട് ഓഫറുകൾ (NFOs) 2022 നവംബർ 10 മുതൽ നവംബർ 24 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. മൂന്ന് പുതിയ ഇക്വിറ്റി ഇൻഡക്സ് ഫണ്ടുകളുടെ സമാരംഭം തങ്ങളുടെ നിഷ്ക്രിയ ഫണ്ട് ഓഫറുകൾക്കുള്ളിലെ ഉൽപ്പന്ന പോർട്ട്ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എഡൽവീസ് എഎംസിയുടെ എംഡിയും സിഇഒയുമായ രാധിക ഗുപ്ത.
ഈ ഇക്വിറ്റി ഇൻഡക്സ് ഫണ്ടുകൾ സ്വന്തമായി കുറഞ്ഞ ചിലവിൽ മൾട്ടി-ക്യാപ് പോർട്ട്ഫോളിയോ സൃഷ്ടിക്കാൻ ഉപയോഗിക്കാമെന്ന് ഫണ്ട് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. എഡൽവീസ് നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സ് ഫണ്ട് നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്‌സിനെ മാനദണ്ഡമായി എടുക്കുമ്പോൾ എഡൽവീസ് നിഫ്റ്റി മിഡ്ക്യാപ് 150 മൊമെന്റും 50 ഇൻഡക്സ് ഫണ്ട്, നിഫ്റ്റി മിഡ്ക്യാപ് 150 മൊമെന്റും 50 ഇൻഡക്സിനെ മാനദണ്ഡമായി എടുക്കും. ഏറ്റവും ഉയർന്ന മൊമെന്റം സ്കോറിനെ അടിസ്ഥാനമാക്കിയുള്ള 50 കമ്പനികൾ ഈ സൂചികയിൽ ഉൾപ്പെടുന്നു.
അതേസമയം നിഫ്റ്റി സ്മാൾക്യാപ് 250 ഇൻഡക്സിന്റെ ഘടകങ്ങളെ ആവർത്തിക്കാൻ ലക്ഷ്യമിടുന്ന ഫണ്ടാണ് എഡൽവീസ് നിഫ്റ്റി സ്മാൾക്യാപ് 250 ഇൻഡക്സ് ഫണ്ട്. ഇതിൽ നിഫ്റ്റി 500 സൂചികയിൽ നിന്ന് 251-500 റാങ്കിലുള്ള കമ്പനികളാണ് ഉൾപ്പെടുന്നത്.