കൊച്ചി: കെ എസ് യുഎമ്മിനു കീഴിലുള്ള വിദ്യാഭ്യാസ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ‘ഇന്‍റര്‍വെല്‍’ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) ഏഞ്ചല്‍ നിക്ഷേപകരില്‍ നിന്നുള്ള 2.25 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ചു.
യുവസംരംഭകരായ റമീസ് അലി, സനാഫിര്‍ ഒ കെ, നജിം ഇല്ല്യാസ്, ഷിബിലി അമീന്‍, അസ്ല എന്നിവരാണ് ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്ഫോമായ ‘ഇന്‍റര്‍വെല്‍’-ന്‍റെ സ്ഥാപകര്‍. കിന്‍റര്‍ഗാര്‍ഡന്‍ മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനായി പരിശീലനമൊരുക്കുന്ന പ്ലാറ്റ്ഫോമാണിത്.
1,000ത്തില്‍ അധികം അക്കാദമിക്, നോണ്‍-അക്കാദമിക് കോഴ്സുകള്‍ ‘ഇന്‍റര്‍വെല്‍’ നല്കുന്നുണ്ട്. ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത ശ്രദ്ധ നല്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം എന്ന പ്രത്യേകതയും ഇന്‍റര്‍വെല്ലിനുണ്ട്.
2021ല്‍ ഇന്ത്യയില്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ടപ്പ് നിലവില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ വേരുറപ്പിച്ചുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.02 കോടി രൂപയുടെ വരുമാനമാണ് ഇന്‍റര്‍വെല്ലിനു ലഭിച്ചത്.
സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വിദഗ്ധരായ അധ്യാപകരെ കൂടുതലായി ഉള്‍പ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ പഠനാനുഭവവും പഠനവിഷയങ്ങളിലെ ഉള്ളടക്കവും മെച്ചപ്പെടുത്തുന്നതിനും നിക്ഷേപത്തുക ഉപയോഗിക്കുമെന്ന് ‘ഇന്‍റര്‍വെല്‍’ സിഇഒ റമീസ് അലി പറഞ്ഞു.
പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗതവും ഉയര്‍ന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ദൗത്യത്തിന് നിക്ഷേപകരുടെ പിന്തുണ മുതല്‍ക്കൂട്ടാകും.
‘ഇന്‍റര്‍വെല്‍’ ന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് മൂലധന നിക്ഷേപം സഹായകമാകും. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഭാവി കൂടുതല്‍ മികച്ചതാക്കാന്‍ ഇന്‍റര്‍വെല്ലിനു കഴിയുമെന്നും റമീസ് അലി പറഞ്ഞു.