മുംബൈ: ഐഷർ മോട്ടോഴ്‌സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും (സിഎഫ്‌ഒ) കീ മാനേജീരിയൽ പേഴ്‌സണലുമായ കാളീശ്വരൻ അരുണാചലം തന്റെ രാജി സമർപ്പിച്ചു. അദ്ദേഹത്തിന്റെ രാജി 2022 സെപ്റ്റംബർ 2 ന് നിലവിൽ വരുമെന്ന് മോട്ടോർ സൈക്കിളുകളുടെയും വാണിജ്യ വാഹനങ്ങളുടെയും നിർമ്മാതാക്കളായ ഐഷർ മോട്ടോഴ്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.
അദ്ദേഹത്തിന് പകരം പുതിയ സിഎഫ്ഒയെ നിയമിക്കുന്ന കാര്യം യഥാസമയം അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഐഷർ മോട്ടോഴ്‌സിന്റെ മാതൃ കമ്പനിയും മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ മുൻനിര നിർമ്മാതാവുമായ റോയൽ എൻഫീൽഡിന്റെ മാനേജ്‌മെന്റ് ടീമിന്റെ ഭാഗമായിരുന്നു കാളീശ്വരൻ. സ്ഥാപനത്തിന്റെ മുൻ സിഎഫ്ഒ ആയിരുന്ന ലളിത് മാലിക്കിന് പകരമാണ് അദ്ദേഹം ഈ സ്ഥാനത്ത് എത്തിയത്.
ഐഷർ മോട്ടോഴ്‌സിൽ ചേരുന്നതിന് മുമ്പ് അരുണാചലം ഇന്ത്യയിലെയും ഏഷ്യയിലെയും മൊണ്ടെലെസ് ഇന്റർനാഷണലിന്റെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. കൂടാതെ ടിവിഎസ് മോട്ടോർ കമ്പനി ലിമിറ്റഡ്, ആദിത്യ ബിർള ഫാഷൻസ് ലിമിറ്റഡ് എന്നിവയിലും അദ്ദേഹം തന്റെ ആദ്യ കാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഐഷർ മോട്ടോഴ്സിന്റെ ഓഹരികൾ 2.29 ശതമാനം ഇടിഞ്ഞ് 3,401.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്.