ന്യൂഡൽഹി: ഐഷർ മോട്ടോഴ്‌സിന്റെ ഏകീകൃത അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 237.13 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 157.52 ശതമാനം വർധിച്ച് 610.66 കോടി രൂപയായി ഉയർന്നു. ഈ പാദത്തിൽ കമ്പനിയുടെ പ്രവർത്തനത്തിൽ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,942.84 കോടി രൂപയിൽ നിന്ന് 71.18 ശതമാനം വർഷം ഉയർന്ന് 3,325.80 കോടി രൂപയായി.
അതേസമയം ജൂൺ പാദത്തിലെ ഇബിഐടിഡിഎ 831 കോടി രൂപയായിരുന്നപ്പോൾ ഇബിഐടിഡിഎ മാർജിൻ 24.4 ശതമാനമായിരുന്നു. ബുധനാഴ്ച്ച ഐഷർ മോട്ടോഴ്‌സിന്റെ ഓഹരികൾ 0.90 ശതമാനം ഉയർന്ന് 3,144.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വാണിജ്യ വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ, എഞ്ചിനീയറിംഗ് ഘടകങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ വിവിധ തരം വാണിജ്യ വാഹനങ്ങൾക്കുള്ള മോട്ടോറുകൾ, റോയൽ എൻഫീൽഡിനുള്ള ബുള്ളറ്റ് മോട്ടോർസൈക്കിളുകൾ, ഓട്ടോമോട്ടീവ് ഗിയറുകൾ എന്നിവ ഉൾപ്പെടുന്നു.