
തുടർച്ചയായ രണ്ടാം വ്യാപാര ആഴ്ച്ചയിലും നഷ്ടം രേഖപ്പെടുത്തിയാണ് ഇന്ത്യൻ ഓഹരി വിപണി കടന്നുപോയത്. പ്രധാന ഓഹരി സൂചികകളായ എൻഎസ്ഇയുടെ നിഫ്റ്റി 134 പോയിന്റും ബിഎസ്ഇയുടെ സെൻസെക്സ് 628 പോയിന്റും വീതവും ഫെബ്രുവരി മൂന്നാം ആഴ്ചയിൽ നഷ്ടം രേഖപ്പെടുത്തി.
കഴിഞ്ഞയാഴ്ച്ചത്തെ വ്യാപാരത്തിനൊടുവിൽ നിഫ്റ്റി 22,796-ലും സെൻസെക്സ് 48,98-ലും ക്ലോസിങ് രേഖപ്പെടുത്തി. ഫെബ്രുവരി മാസത്തിൽ ഇതുവരെ രണ്ട് വ്യാപാര ദിനങ്ങളിൽ മാത്രമാണ് നേട്ടത്തോടെ ക്ലോസ് ചെയ്യാൻ നിഫ്റ്റി സൂചികയ്ക്ക് സാധിച്ചിട്ടുള്ളത്.
അതേസമയം ആഭ്യന്തര ഓഹരി വിപണിയിൽ സമീപകാലത്ത് നേരിട്ട തിരുത്തലോടെ മിക്ക ഓഹരികളുടെയും വിപണി വില താഴ്ന്നതിനാൽ, ചില മേഖലകളിൽ നിക്ഷേപക താത്പര്യം പ്രകടമാകുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നിഫ്റ്റി മിഡ് ക്യാപ്-100 സൂചികയിൽ 1.68 ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചികയിൽ 1.5 ശതമാനവും വീതം നേട്ടം രേഖപ്പെടുത്തി.
വൈദ്യുത വാഹന മേഖലയിലെ ആഗോള വമ്പൻ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവോടെ മത്സരം കടുക്കുമെന്ന നിഗമനത്തിൽ ഓട്ടോമൊബീൽ വിഭാഗത്തിലും യുഎസ് അധിക തീരുവ ചുമത്തിയേക്കുമെന്ന അനുമാനത്തിൽ ഫാർമ വിഭാഗത്തിലും തിരിച്ചടി നേരിട്ടു.
അതുപോലെ എഫ്എംസിജി, ഐടി വിഭാഗം ഓഹരികളിലും നഷ്ടം കുറിച്ചു. മെറ്റൽ വിഭാഗം ഓഹരികൾ മാത്രമാണ് കഴിഞ്ഞയാഴ്ച്ച തിളങ്ങിയത്. അതേസമയം കഴിഞ്ഞയാഴ്ച്ച ബ്ലൂചിപ്പ് ഓഹരികളിൽ തിരിച്ചടി നേരിട്ടതോടെ, ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളിൽ എട്ടെണ്ണത്തിന്റേയും കൂടിച്ചേർന്ന് 1,65,785 കോടി രൂപയാണ് ഇവയുടെ മൊത്തം വിപണി മൂല്യത്തിൽ ഇടിവുണ്ടായത്.
ഇതിൽ നഷ്ടക്കണത്തിൽ മുന്നിലുള്ളത് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണ്. ഈ ഐടി കമ്പനിയുടെ വിപണി മൂല്യത്തിൽ മാത്രം 53,186 കോടി രൂപയുടെ കുറവുണ്ടായി. ഇതോടെ ടിസിഎസിന്റെ നിലവിലെ വിപണി മൂല്യം 13,69,717 കോടി രൂപയായി താഴ്ന്നു.
അതുപോലെ ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിന്റെ വിപണി മൂല്യത്തിൽ 44,408 കോടി രൂപ നഷ്ടമായി. നിലവിൽ ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 9,34,224 കോടിയായി ഇടിഞ്ഞു, രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കിങ് സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യത്തിൽ 18,235 കോടി രൂപ നഷ്ടമായി.
ഇതോടെ നിലവിലെ വിപണി മൂല്യം 8,70,580 കോടി രൂപയായി. എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വിപണി മൂല്യത്തിൽ 17,962 കോടി രൂപ താഴ്ന്ന് 5,26,684 കോടി രൂപയായി.
ഇൻഫോസിസ് കമ്പനിയുടെ വിപണി മൂല്യത്തിൽ 17,081 കോടി രൂപ ഇടിഞ്ഞു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ വിപണി മൂല്യം 7,53,700 കോടിയായി.
സമാനമായി സിഗരറ്റ് നിർമാണ കമ്പനിയായ ഐടിസിയുടെ വിപണി മൂല്യം 11,949 കോടി രൂപ ഇടിഞ്ഞ് 5,01,750 കോടിയായി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിങ് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യത്തിൽ 2,555 കോടി രൂപ നഷ്ടമായി.
നിലവിൽ ബാങ്കിന്റെ വിപണി മൂല്യം 12,94,153 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 402 രൂപ കുറഞ്ഞ് 6,43,956 കോടിയായി.