
ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയില്‍ വിദേശ വ്യാപാരം സുഗമമാക്കുന്നതിനായി സ്പെഷ്യല്‍ റുപ്പി വോസ്ട്രോ അക്കൗണ്ട് (Special Rupee vostro Account ) തുറന്നത് എട്ട് രാജ്യങ്ങള്‍. ആറ് മാസത്തിനുള്ളില്‍ ഈ അക്കൗണ്ടുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്.
കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ കറന്‍സിയില്‍ വ്യാപാരം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുന്നുമുണ്ട്. ഇതുവരെ 49ഓളം വോസ്ട്രോ അക്കൗണ്ടുകളാണ് തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സ്പെഷ്യല്‍ റുപ്പി വോസ്ട്രോ അക്കൗണ്ട് തുറന്ന രാജ്യങ്ങള്‍?
റഷ്യ, ശ്രീലങ്ക, മൗറിഷ്യസ്, മലേഷ്യ, സിംഗപ്പൂര്‍, മ്യാന്മാര്, ഇസ്രായേല്‍ ജര്‍മ്മനി, തുടങ്ങിയ എട്ട് രാജ്യങ്ങളാണ് സ്പെഷ്യല്‍ റുപ്പി വോസ്ട്രോ അക്കൗണ്ടുകൾ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈയില്‍ വിദേശ രാജ്യങ്ങളുമായി ഇന്ത്യന്‍ രൂപയിൽ വ്യാപാര ഇടപാടുകള്‍ നടത്തുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
സ്പെഷ്യല്‍ വോസ്ട്രോ അക്കൗണ്ട് ഉടമകള്‍ക്ക് ഇന്ത്യയിലെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ സര്‍പ്ലസ് ബാലന്‍സ് നിക്ഷേപം നടത്താന്‍ അനുവാദമുണ്ട്. പുതിയ നയം കൂടുതല്‍ ജനകീയമാക്കുന്നതിന് ആവശ്യമായ സൗകര്യവും ആര്‍ബിഐ ഒരുക്കിയിട്ടുണ്ട്.
അന്തര്‍ദേശീയ വ്യാപാരം ഇന്ത്യയില്‍ രൂപയില്‍ നടത്തുന്നതിനായി ആര്‍ബിഐ പ്രഖ്യാപിച്ച പുതിയ വ്യാപാര സംവിധാനമാണ് സ്പെഷ്യല്‍ റുപ്പി വോസ്ട്രോ അക്കൗണ്ട് അഥവാ എസ്ആര്‍വിഎ.
വ്യാപാര ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് അതത് അംഗീകൃത ബാങ്കുകള്‍ വ്യാപാര പങ്കാളിയായ രാജ്യത്തെ ബാങ്കുകളുടെ SRVA പ്രവര്‍ത്തന സജ്ജമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഒരു ഇറക്കുമതിക്കാരന് വിദേശ വ്യാപാരിക്ക് പണമടയ്ക്കുന്ന അവസരത്തില്‍ ഈ തുക വോസ്ട്രോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.
അതേരീതിയില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരന് ചരക്കുകള്‍ക്കായി ഇന്ത്യന്‍ രൂപയില്‍ പണം നല്കുമ്പോള് ഈ വോസ്ട്രോ അക്കൗണ്ടില്‍ നിന്ന് തുക കുറയ്ക്കുകയും അത് കയറ്റുമതി ചെയ്യുന്നയാളിന്റെ സാധാരണ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു.