ഇന്ന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുമ്പോള്‍ വിസ്മൃതിയിലാണ്ട ഒരു ബജറ്റ് ഉണ്ട്. റെയില്‍ ബജറ്റാണ് പ്രത്യേകമായി ഇനി അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കപ്പെട്ടത്.
ധനമന്ത്രിമാര്‍ കേന്ദ്രബജറ്റ് അവതരിക്കുന്നത് പോലെ പ്രാധാന്യമുള്ളതായിരുന്നു ഒരു കാലം വരെ റെയില്‍ ബജറ്റും. 2017ല്‍ ആണ് കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും ലയിപ്പിച്ചത്. ഇന്ത്യയിലെ സാമ്പത്തിക മാനേജ്മെന്‍റും ഗതാഗത ആസൂത്രണവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്.
കൊളോണിയല്‍ കാലഘട്ടത്തിന്‍റെ പാരമ്പര്യമായിരുന്നു പ്രത്യേകമായ റെയില്‍ ബജറ്റ്. 2017-ല്‍ ബജറ്റുകള്‍ ലയിപ്പിക്കുമ്പോള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും ആയിരുന്നു.
ഒരു നൂറ്റാണ്ട് മുമ്പ് 1924-ല്‍ ആണ് റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ നിന്ന് വേര്‍പെടുത്തിയത്. അക്വര്‍ത്ത് കമ്മിറ്റിയുടെ ശുപാര്‍ശകളെ തുടര്‍ന്നായിരുന്നു ഇത്. 2016 വരെ ഈ രീതി തുടര്‍ന്നു. കേന്ദ്ര ബജറ്റിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റെയില്‍വേ ബജറ്റ് അവതരിപ്പിച്ചിരുന്നത്.
2016-ല്‍, ബിബേക് ഡെബ്രോയിയുടെ നേതൃത്വത്തിലുള്ള നീതി ആയോഗ് കമ്മിറ്റി ആണ് പ്രത്യേക ബജറ്റെന്ന രീതി ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍, റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റുമായി ലയിപ്പിക്കുകയും അരുണ്‍ ജെയ്റ്റ്ലി 2017 ഫെബ്രുവരിയില്‍ സംയുക്ത ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു, ആ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്.
ലയനത്തിന്‍റെ ചില പ്രധാന സവിശേഷതകള്‍ ഇവയായിരുന്നു:
റെയില്‍വേ മന്ത്രാലയം ഒരു വകുപ്പുതല വാണിജ്യ സ്ഥാപനമായി തുടര്‍ന്നും പ്രവര്‍ത്തിക്കും.
റെയില്‍വേയ്ക്കായി ബജറ്റ് എസ്റ്റിമേറ്റുകളുടെയും ഗ്രാന്‍റിനായുള്ള ഡിമാന്‍ഡിന്‍റെയും പ്രത്യേക പ്രസ്താവന പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും
റെയില്‍വേയുടെ എസ്റ്റിമേറ്റുകളും ഉള്‍പ്പെടെ ഒരൊറ്റ അപ്രോപ്രിയേഷന്‍ ബില്‍ തയ്യാറാക്കി ധനകാര്യ മന്ത്രാലയം പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും, അതുമായി ബന്ധപ്പെട്ട എല്ലാ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ധനകാര്യ മന്ത്രാലയം കൈകാര്യം ചെയ്യും.
ലാഭവിഹിതം നല്‍കുന്നതില്‍ നിന്ന് റെയില്‍വേയ്ക്ക് ഇളവ് ലഭിക്കും.
മൂലധന ചെലവിന്‍റെ ഒരു ഭാഗം നിറവേറ്റുന്നതിനായി റെയില്‍വേ മന്ത്രാലയത്തിന് ധനകാര്യ മന്ത്രാലയം മൊത്ത ബജറ്ററി പിന്തുണ നല്‍കും.
റെയില്‍ ബജറ്റ് കേന്ദ്ര ബജറ്റുമായി ലയിപ്പിക്കുന്നത് വഴി ഹൈവേകള്‍, റെയില്‍വേകള്‍, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയ്ക്കിടയിലുള്ള മള്‍ട്ടിമോഡല്‍ ഗതാഗത ആസൂത്രണം സുഗമമാക്കും