മുംബൈ: മധ്യപ്രദേശിൽ കൂടുതൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ട് ഇലക്ട്രിക് വാഹന, സാങ്കേതിക കമ്പനിയായ പിനാക്കിൾ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഇകെഎ മൊബിലിറ്റി.
കമ്പനിയുടെ പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 9 മീറ്റർ ബസിന് അടുത്തിടെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് (സിഎംവിആർ) സർട്ടിഫിക്കേഷൻ ലഭിച്ചു. ഇതോടെ ഈ സാമ്പത്തിക വർഷാവസാനത്തോടെ 100 ഇ-ബസുകൾ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ കൂടുതൽ നിക്ഷേപമിറക്കാൻ ഇകെഎ മൊബിലിറ്റി ഉദ്ദേശിക്കുന്നു.
സംസ്ഥാനത്ത് കമ്പനിക്ക് നിലവിൽ 50 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഇലക്ട്രിക് ബസ് നിർമ്മാണ കേന്ദ്രമുണ്ട്. എന്നാൽ കൂടുതൽ നിക്ഷേപത്തോടെ ഇകെഎ മൊബിലിറ്റി ഇലക്ട്രിക് വാഹനങ്ങൾ, ഇന്ധന സെൽ ഇലക്ട്രിക് വാഹനങ്ങൾ, ഇതര ഇന്ധന വാഹനങ്ങൾ എന്നിവയുടെ ഒരു സമ്പൂർണ്ണ ശ്രേണി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമെന്ന് പിനാക്കിൾ ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ചെയർമാനുമായ സുധീർ മേത്ത പറഞ്ഞു.