ബെംഗളൂരു: ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ധന സമാഹരണത്തിനൊരുങ്ങുന്നു. ഇതിനു വേണ്ടിയുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രൈമറി, സെക്കന്‍ഡറി ഷെയറുകളുടെ വില്‍പ്പനയിലൂടെയായിരിക്കും ധന സമാഹരണം.
ഇപ്പോഴുള്ള നിക്ഷേപകരില്‍ നിന്ന് ഏകദേശം 750 കോടി രൂപ സമാഹരിക്കുന്നതിനുള്ള പദ്ധതികളും ഏഥര്‍ എനര്‍ജിക്കുണ്ട്.
നിക്ഷേപകനും, ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകനുമായ സച്ചിന്‍ ബന്‍സാല്‍, ഏഥര്‍ കമ്പനിയിലെ തന്റെ ഓഹരിയുടെ ഒരു പ്രധാന ഭാഗം സെറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന് വിറ്റു.
ഏഥര്‍ എനര്‍ജിയിലെ ആദ്യ എയ്ഞ്ചല്‍ ഇന്‍വെസ്റ്ററാണ് സച്ചിന്‍ ബന്‍സാല്‍. 2014 മുതല്‍ ബന്‍സാലിന് നിക്ഷേപമുണ്ട്. ഏകദേശം 400 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മോശം വിപണി സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഏഥര്‍ എനര്‍ജി ഫണ്ടിംഗ് പദ്ധതികള്‍ മാറ്റിവച്ചിരുന്നു. അതിന് പിന്നാലെയാണ് ഏഥര്‍ എനര്‍ജി ഇപ്പോള്‍ ധന സമാഹരണ പദ്ധതിയുമായി രംഗത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫണ്ടിംഗ് പദ്ധതികള്‍ മാറ്റിവച്ചെങ്കിലും ഏഥര്‍ എനര്‍ജി 2023 സെപ്റ്റംബറില്‍ ഹീറോ മോട്ടോ കോര്‍പ്പില്‍ നിന്നും ജിഐസിയില്‍ നിന്നും റൈറ്റ്‌സ് ഇഷ്യുവിലൂടെ 900 കോടി രൂപ സമാഹരിച്ചിരുന്നു.
2023 ഡിസംബറില്‍ 140 കോടി രൂപ കൂടി നിക്ഷേപിച്ച് ഹീറോ മോട്ടോ കോര്‍പ്പ് അതിന്റെ ഓഹരി പങ്കാളിത്തം 39.7 ശതമാനമായി ഉയര്‍ത്തി.
പ്രതിവര്‍ഷം 4,50,000 സ്‌കൂട്ടറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഏഥര്‍ എനര്‍ജിക്ക്.