
കൊച്ചി: ഉപഭോക്താക്കളുടെ മികച്ച ആവേശത്തിന്റെ കരുത്തിൽ അടുത്ത വർഷം ഇന്ത്യയിലെ മൊത്തം ഇലക്ട്രിക് ടൂ വീലറുകളുടെ വില്പന പത്ത് ലക്ഷം കവിഞ്ഞേക്കും. ഉപഭോഗത്തിലെ മികച്ച വർദ്ധനയും ഉത്പാദനത്തിലെ കുതിപ്പും പുതിയ മോഡലുകളുടെ വരവും രാജ്യത്തെ ടു വീലർ വിപണിയിൽ വൻ ആവേശമാണ് സൃഷ്ടിക്കുന്നത്.
ബാറ്ററി സാങ്കേതികവിദ്യയിൽ ദൃശ്യമാകുന്ന വിപ്ളവകരമായ മാറ്റങ്ങളും നവീനമായ ഫീച്ചറുകളും ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾക്ക് പ്രിയം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്നും ഡീലർമാർ പറയുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളുമായി വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനത്തിന് ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുന്നതെന്നും ഈ രംഗത്തുള്ളവർ വ്യക്തമാക്കി.
വൈദ്യുതി വാഹന നിർമ്മാണ രംഗത്ത് മുൻപൊരിക്കലുമില്ലാത്ത തരത്തിലാണ് പുതിയ നിക്ഷേപം ഒഴുകിയെത്തുന്നത്.
ഇന്ത്യൻ വൈദ്യുതി വാഹന വിപണിയിലെ സാദ്ധ്യതകൾ മുതലെടുക്കാൻ വിദേശ കമ്പനികളും ആഭ്യന്തര സ്റ്റാർട്ടപ്പുകളും വൻ തോതിൽ നിക്ഷേപം നടത്തുകയാണ്.