
കൊച്ചി: ഇന്ധന വില ഉയർന്ന തലത്തില്‍ തുടരുന്നതും കമ്പനികള്‍ പുതിയ നവീന മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതും ഇന്ത്യയില്‍ വൈദ്യുത വാഹന വിപണിയിലെ വില്‍പ്പനയില്‍ വൻ മുന്നേറ്റം സൃഷ്‌ടിക്കുന്നു.
ചാർജിംഗ് സംവിധാനങ്ങള്‍ വ്യാപകമായതും പരിസ്ഥിതി സൗഹ്യദ ഇന്ധനങ്ങളോട് ഉപഭോക്താക്കള്‍ക്ക് പ്രിയമേറുന്നതും ഇലക്‌ട്രിക് വാഹനങ്ങളുടെ വില്‍പ്പന കൂടാൻ സഹായിക്കുന്നുവെന്ന് ഡീലർമാർ പറയുന്നു.
ഇതോടെ മുൻനിര കമ്പനികള്‍ ഉള്‍പ്പെടെ പുതിയ ഇ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാൻ ആവേശത്തോടെ രംഗത്തെത്തി. ഇതോടെ നടപ്പുവർഷം വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പനയില്‍ നൂറ് ശതമാനത്തിലധികം വില്‍പ്പന വളർച്ച നേടാനാകുമെന്നാണ് കമ്പനികള്‍ വിലയിരുത്തുന്നത്.
ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വർഷം 19.93 ശതമാനം ഉയർന്ന് 99,165 യൂണിറ്റുകളായി. എന്നാല്‍ മൊത്തം വില്‍പ്പനയില്‍ 2.4 ശതമാനം മാത്രം വിഹിതമാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ളത്.
മുൻനിരയില്‍ ടാറ്റ മോട്ടോഴ്‌സ്
ഇന്ത്യയിലെ വൈദ്യുതി വാഹന വിപണിയില്‍ 62.01 ശതമാനം വിഹിതവുമായി ടാറ്റ മോട്ടോഴ്‌സാണ് മുൻനിരയില്‍.
2023ല്‍ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം 72.68 ശതമാനമായിരുന്നു. ടിയാഗോ, ടിഗോർ, നെക്‌സോണ്‍,കർവ് എന്നിവയുടെ ഇലക്‌ട്രിക് വേർഷനുകളുമായാണ് ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ മികച്ച മുന്നേറ്റം നേടിയത്.
പുതുവർഷത്തില്‍ ഇവയുടെ ഏറ്റവും മികച്ച മോഡലുകള്‍ അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നത്.
വിപണി വികസിപ്പിച്ച് ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ
രാജ്യത്തെ വൈദ്യുതി വാഹന വിപണിയില്‍ തുടർച്ചയായി വിഹിതം ഉയർത്തുകയാണ് ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോർ.
കോമറ്റ്, വിൻഡ്‌സർ, ഇസഡ്.എസ് എന്നീ ജെ.എസ്.ഡബ്‌ള്യു എം. ജി മോട്ടോറിന്റെ മോഡലുകള്‍ ഉപഭോക്താക്കളുടെ മനസ് കീഴടക്കുകയാണ്.
പുതിയ മോഡലുകള്‍
മാരുതിയുടെ ഇലക്‌ട്രിക് കാറായ ഇ വിറ്റാര ഈ വർഷം വിപണിയിലെത്തും.