
ന്യൂഡൽഹി: രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയിൽ 17% വർധന. കഴിഞ്ഞ സാമ്പത്തിക വർഷം 19.6 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2023–24 സാമ്പത്തിക വർഷത്തിൽ 16.8 ലക്ഷമായിരുന്നു വിൽപന.
ഇലക്ട്രിക് സ്കൂട്ടർ, ബൈക്ക്, ഓട്ടോ, കാറുകൾ എന്നിങ്ങനെ എല്ലാ വിഭാഗം ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിലും ഈ വർഷം വർധനയുണ്ടായി. 11.4 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത്.
മുൻ വർഷത്തെക്കാൾ 21.1% വർധന. 6.99 ലക്ഷം ഇലക്ട്രിക് ഓട്ടോകളും 10.6 ലക്ഷം ഇലക്ട്രിക് കാറുകളും കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റു. ചരക്കുനീക്കത്തിനുപയോഗിക്കുന്ന എൽ5 ഇലക്ട്രിക് ഓട്ടോകളുടെ വിൽപനയിൽ 57% വർധനയുണ്ട്.
പ്രമുഖ കമ്പനികളെല്ലാം പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചതും ഇലക്ട്രിക് ബൈക്കുകളടക്കം രംഗത്തിറക്കി പുതിയ കമ്പനികളുടെ വരവും രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഉണർവ് നൽകിയിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിച്ചിരുന്ന ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ ഇൻ ഇന്ത്യ (ഫെയിം) സബ്സിഡി അടക്കം നിർത്തലാക്കിയെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് വാഹന വിപണിയുടെ കുതിപ്പ്.
മുന്നിൽ പാഞ്ഞ് ഇരുചക്രവാഹനങ്ങൾ
രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപനയുടെ 58% ഇരുചക്രവാഹനങ്ങളാണ്. 21.1% വർധന. പത്തിലേറെ പുതിയ കമ്പനികളാണ് കഴിഞ്ഞ വർഷം പുതിയ ഇ–സ്കൂട്ടറുകൾ വിപണിയിലെത്തിച്ചത്.
ഇ–സ്കൂട്ടർ വിൽപനയുടെ 30% കയ്യടക്കി ഒല ഇലക്ട്രിക് ആണ് മാർക്കറ്റിലെ പ്രധാന സാന്നിധ്യം. 12% വിൽപനയുമായി ടിവിഎസും 11.7% വിഹിതവുമായി ബജാജ് ഓട്ടോയും വിപണിയിൽ സജീവമായി.