
തിരുവനന്തപുരം: വൈദ്യുതിവിതരണ ഏജൻസികളുടെ ചെലവിനനുസരിച്ച് നിരക്ക് നിർണയിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്ര ഊർജമന്ത്രാലയം വൈദ്യുതിച്ചട്ടം ഭേദഗതി ചെയ്തു.
ഏജൻസികളുടെ എല്ലാ ചെലവും കണ്ടെത്തുന്ന വിധത്തിൽ നിരക്ക് നിർണയിക്കേണ്ടിവരുന്നതോടെ വൈദ്യുതിനിരക്ക് ഇനിയും ഉയർന്നേക്കും.
കെ.എസ്.ഇ.ബി.പോലുള്ള വിതരണ ഏജൻസികൾക്ക് അതത് വർഷം എത്രവരുമാനം വേണമെന്ന് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കാറുണ്ട്. ഇതും വൈദ്യുതിനിരക്കിലൂടെ കണക്കാക്കുന്ന വരുമാനവുംതമ്മിൽ വിടവുപാടില്ലെന്നാണ് പുതിയ ചട്ടം.
അതായത്, കമ്മിഷൻ അംഗീകരിക്കുന്ന വരുമാനം മുഴുവൻ നിരക്കിലൂടെ പിരിച്ചെടുക്കണം. പ്രകൃതിദുരന്തങ്ങളുടെ സാഹചര്യത്തിൽ മാത്രമാണ് ഇതിന് ഇളവുള്ളത്.
ആ സാഹചര്യത്തിൽപ്പോലും വിടവ് മൂന്നുശതമാനത്തിൽ അധികമാകാൻ പാടില്ല. വിടവുവരുന്ന തുകയുടെ പലിശയും നിരക്കിലൂടെ ഈടാക്കാൻ ഏജൻസിയെ അനുവദിക്കണം. ജനങ്ങൾക്ക് താരിഫ് ഷോക്ക് ഉണ്ടാകാതിരിക്കാൻ നിരക്ക് കൂട്ടുന്നതിൽ പലപ്പോഴും കമ്മിഷനുകൾ മിതത്വം പാലിക്കാറുണ്ട്. പുതിയ ചട്ടം ഇതിന് അനുവദിക്കുന്നില്ല.
ഇതുവരെ അംഗീകരിച്ച വരുമാനത്തിൽ ബാക്കിനിൽക്കുന്നത് അടുത്ത ഏഴുവർഷംകൊണ്ട് നിരക്കുവർധനയിലൂടെ പിരിച്ചെടുക്കണം. കേരളത്തിൽ കെ.എസ്.ഇ.ബി.ക്ക് കമ്മിഷൻ നിശ്ചയിച്ചപ്രകാരം വരുമാനമായി വരേണ്ടതിൽ ഇനി 7000 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. അത് ഏഴുവർഷംകൊണ്ട് തുല്യഗഡുക്കളായി പിരിച്ചെടുക്കണം.
അതത് വർഷം ബോർഡിന് ആവശ്യമുള്ള വരുമാനത്തിനുപുറമേ ഏഴുവർഷംകൊണ്ട് 7000 കോടി കുടിശ്ശികയും വൈദ്യുതിനിരക്കിൽനിന്ന് നിർബന്ധമായി ഈടാക്കേണ്ടിവരും. ഇതും നിരക്കുയരാൻ കാരണമാവും.
വൈദ്യുതി, ഭരണഘടനയിലെ സമവർത്തി പട്ടിക(കൺകറൻറ് ലിസ്റ്റ്)യിൽപ്പെട്ടതാണ്. ഈ പട്ടികയിലുള്ള വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് അധികാരമുണ്ട്.
എന്നാൽ, അടുത്തകാലത്ത് കേന്ദ്രം വ്യാപകമായ ഇടപെടലാണ് വൈദ്യുതിമേഖലയിൽ നടത്തുന്നത്.