
കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ് റീട്ടെയില്‍ ചെയിന്‍ ആയ ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്‌ച സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. നിലവില്‍ 28-30 രൂപ പ്രീമിയത്തോടെയാണ് ഈ ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്നത്.
അതിനാല്‍ ലിസ്റ്റിംഗ് ദിനത്തില്‍ ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ഐപിഒ വഴി ഓഹരികള്‍ അനുവദിച്ചു കിട്ടിയവര്‍ക്ക് നേട്ടം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 35 രൂപ വരെ പ്രീമിയം ഗ്രേ മാര്‍ക്കറ്റിലുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രീമിയം കണക്കിലെടുക്കുമ്പോള്‍ 50 ശതമാനം നേട്ടത്തോടെ ഈ ഓഹരി ലിസ്റ്റ് ചെയ്യുമെന്ന് കരുതാം.
ഐപിഒ ഓഹരികള്‍ക്കുള്ള അനൗദ്യോഗികമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമാണ് ഗ്രേ മാര്‍ക്കറ്റ്. പൊതുവില്‍ ഗ്രേ മാര്‍ക്കറ്റിലെ വില ലിസ്റ്റിംഗ് വിലയുടെ സൂചനയായി ആണ് പരിഗണിക്കാറുള്ളത്. ഒക്‌ടോബര്‍ നാല് മുതല്‍ ഏഴ് വരെയായിരുന്നു ഈ ഐപിഒ. 56-59 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില.
ഓഹരികള്‍ ഒക്‌ടോബര്‍ 14ന് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യും. കമ്പനി 500 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ് നടത്തിയത്.
പവന്‍ കുമാര്‍ ബജാജ്, കരണ്‍ ബജാജ് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഇലക്‌ട്രോണിക്‌സ് മാര്‍ട് ഇന്ത്യ ബജാജ് ഇലക്‌ട്രോണിക്‌സ് എന്ന പേരില്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്‌ള്‍സ്, ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. 36 നഗരങ്ങളിലായി 112 സ്റ്റോറുകളാണ് കമ്പനിക്കുള്ളത്.
ആന്ധ്രാപ്രദേശ്, തെലുങ്കാന, ഡല്‍ഹി എന്നിവിടങ്ങളിലാണ് പ്രധാനമായും സ്റ്റോറുകളുള്ളത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 4349.32 കോടി രൂപയാണ്. ഇത് മുന്‍വര്‍ഷം 3201.88 കോടി രൂപയായിരുന്നു. 40.65 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലാഭം. 2020-21ല്‍ 103.89 കോടി രൂപ ലാഭം കൈവരിച്ചിരുന്നു.
ഐപിഒ വഴി സമാഹരിക്കുന്ന തുക മൂലധന ചെലവുകള്‍ക്കായും കടം തിരിച്ചടക്കുന്നതിനും വിനിയോഗിക്കും. കമ്പനിക്ക് 446.54 കോടി രൂപയുടെ കടമുണ്ട്. കമ്പനിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രതി ഓഹരി വരുമാനത്തിന്റെ 21.85 മടങ്ങായാണ് ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്.
ഇത് സമാന മേഖലയിലെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളുടെ മൂല്യവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്.