
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിങ്ങിന് (ഐപിഒ) മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 150 കോടി രൂപ സമാഹരിച്ച് കൺസ്യൂമർ ഡ്യൂറബിൾസ്, ഇലക്‌ട്രോണിക്‌സ് റീട്ടെയ്‌ലറായ ഇലക്ട്രോണിക്‌സ് മാർട്ട് ഇന്ത്യ ലിമിറ്റഡ് (ഇഎംഐഎൽ).
കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷനായി ഒക്ടോബർ 4-ന് തുറന്ന് ഒക്ടോബർ 7-ന് അവസാനിക്കും. ഷെയറൊന്നിന് 59 രൂപ നിരക്കിൽ ആങ്കർ നിക്ഷേപകർക്ക് 2.54 കോടി ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിന് കമ്പനി അന്തിമരൂപം നൽകിയതായി ഇഎംഐഎൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
നിപ്പോൺ ലൈഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ട്രസ്റ്റി, പൈൻബ്രിഡ്ജ് ഗ്ലോബൽ ഫണ്ട്‌സ്, മോത്തിലാൽ ഓസ്‌വാൾ എംഎഫ്, ടാറ്റ എംഎഫ്, സുന്ദരം എംഎഫ്, വൈറ്റ്‌ഓക്ക് ക്യാപിറ്റൽ, ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്,മിറേ അസറ്റ് തുടങ്ങി മൊത്തം 20 ആങ്കർ നിക്ഷേപകർ ആങ്കർ ബുക്ക് വഴി കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
കമ്പനി അതിന്റെ പബ്ലിക് ഇഷ്യൂവിലൂടെ 500 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. സ്റ്റോറുകളുടെയും വെയർഹൗസുകളുടെയും വിപുലീകരണത്തിനും പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി കമ്പനി ഫണ്ട് വിനിയോഗിക്കും. ഓഫറിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 56-59 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.