ന്യൂഡൽഹി: കയറ്റുമതി വിപണിയിൽ മുന്നിട്ട് ഇന്ത്യ. രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ഇലക്ട്രോണിക്സ് മേഖലാ മൂന്നാം സ്ഥാനത്തേക്കുയർന്നു.
ഏപ്രിൽ-ജൂൺ കാലയളവിൽ കയറ്റുമതിയിൽ മുന്നിലുള്ള പത്ത് മേഖലകളിലാണ് ഇലക്ട്രോണിക്സ് മേഖല മൂന്നാമതെത്തിയത്. രത്ന-ആഭരണ കയറ്റുമതിയെ പിന്തള്ളിയാണിത്.
എഞ്ചിനീയറിംഗ് ഉത്പന്നങ്ങളാണ് മുന്നിൽ. രണ്ടാമത് പെട്രോളിയം ഉത്പന്നങ്ങളും. ആദ്യപാദത്തിൽ മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതിയുടെ മൂല്യം 844 കോടി (71,000 കോടി രൂപ) ഡോളറായി. മുൻവർഷം ആദ്യപാദത്തിലിത് 694 കോടി ഡോളറായിരുന്നു.
2023-24 സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഇലക്ട്രോണിക്സ് നാലാം സ്ഥാനമായിരുന്നു. വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇലക്ട്രോണിക്സ് കയറ്റുമതിയിൽ 22 ശതമാനമാണ് വർധന.
മൊത്തം ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 57 ശതമാനം മൊബൈൽ ഫോണിന്റേതാണ്. 480 കോടി ഡോളർ. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനമാണ് വളർച്ച. ആപ്പിൾ ഐഫോൺ കയറ്റുമതി ഉയർന്നതാണ് വർദ്ധനയ്‌ക്ക് പിന്നിൽ.
ആദ്യപാദത്തിൽ ഐഫോൺ കയറ്റുമതി മാത്രം 350 കോടി ഡോളറിന്റേതാണ്. ഒന്നാമതുള്ള എഞ്ചിനീയറിംഗ് ഉത്പന്ന കയറ്റുമതി 2,778 കോടി ഡോളറിന്റേതാണ്. ഏകദേശം 2.34 ലക്ഷം കോടി രൂപ.