സാന്ഫ്രാന്സിസ്കോ: ട്വിറ്ററിന്റെ മൂല്യം ഇടിഞ്ഞു. അഞ്ച് മാസം മുമ്പ് ടെസ്‌ല സി ഇ ഒ ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ വാങ്ങിയപ്പോൾ അതിന്റെ മൂല്യം 44 ബില്യൺ ഡോളറായിരുന്നു. എന്നാൽ നിലവിൽ ട്വിറ്ററിന്റെ മൂല്യം അതിന്റെ പകുതിയേക്കാൾ കുറവാണ്. 20 ബില്യൺ ഡോളറാണ് ട്വിറ്ററിന്റെ ഇപ്പോഴത്തെ വില.
കമ്പനിയുടെ ഭാവിയെക്കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ജീവനക്കാർക്കുള്ള കുറിപ്പിൽ ഇലോൺ മസ്‌ക് പറഞ്ഞതായാണ് റിപ്പോർട്ട്. ട്വിറ്റർ വളരെ വേഗത്തിലാണ് പുനർരൂപകൽപ്പന ചെയ്യുന്നതെന്നും കമ്പനി പാപ്പരാകാതിരിക്കാൻ സമൂലമായ മാറ്റങ്ങൾ ആവശ്യമാണെന്നും എന്നും മസ്‌ക് പറഞ്ഞു.
സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനാണ് മസ്ക് ഏറ്റെടുത്തത്. ട്വിറ്റർ വാങ്ങാൻ പെടാപാട് പെട്ട മസ്‌ക് ഫണ്ട് ശേഖരത്തിന്റെ ഭാഗമായി ടെസ്‌ലയുടെ ഓഹരികൾ വിറ്റിരുന്നു. തുടർന്ന് ട്വിറ്റർ ഏറ്റെടുത്ത ശേഷം വലിയ മാറ്റങ്ങളാണ് മസ്‌ക് ട്വിറ്ററിൽ കൊണ്ടുവന്നത്.
ചെലവ് കുറയ്ക്കാൻ ജീവനക്കാരെ വൻ തോതിൽ പിരിച്ച് വിട്ടു. വരുമാനത്തിന്റെ ഭൂരിഭാഗവും ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്നും കണ്ടെത്തുക എന്നതാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്. അതിന്റെ ആദ്യ പടിയാണ് വെരിഫൈഡ് അക്കൗട്ടുകളുടെ ബ്ലൂ ടിക്ക് ബാഡ്ജിന് നിരക്ക് ഏർപ്പെടുത്തിയത്.
മാത്രമല്ല ട്വിറ്റർ ഏറ്റെടുത്ത ശേഷം ജീവനക്കാരുടെ ശമ്പളവും മസ്‌ക് കുത്തനെ വെട്ടിച്ചുരുക്കി. 7,500 ത്തിൽ നിന്ന് 2,000 ത്തിൽ എത്തി ജീവനക്കാരുടെ എണ്ണം. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി മസ്‌ക് ചെയ്തത് സിഇഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിടുക എന്നുള്ളതായിരുന്നു.
ഇന്ത്യൻ വംശജനായ പരാഗ് അഗർവാളായിരുന്നു ട്വിറ്ററിന്റെ മുൻ സിഇഒ.