എഐ എഞ്ചിനീയറിങ് ടീമംഗങ്ങളുടെ ശമ്പളം ഉയര്ത്താനൊരുങ്ങുകയാണെന്നറിയിച്ച് ടെസ്ല മേധാവി ഇലോണ് മസ്ക്.
ടെസ് ലയിലെ കംപ്യൂട്ടര് വിഷന് മേധാവി ഈഥന് നൈറ്റ് ടെസ് ല വിട്ട് മസ്കിന്റെ തന്നെ എക്സ് എഐയില് ചേര്ന്നതായി അറിയിച്ച് സോയര് മെറിറ്റ് എന്നയാള് പങ്കുവെച്ച പോസ്റ്റിന് കീഴിലാണ് മസ്ക് ഇക്കാര്യങ്ങള് പറഞ്ഞത്.
ഈഥന് ഓപ്പണ് എഐയിലേക്ക് പോവുകയായിരുന്നു. ഒന്നുകില് എക്സ്എഐ, അല്ലെങ്കില് ഓപ്പണ് എഐ എന്ന നിലപാടില് നിന്നു. വലിയ ശമ്പള വാഗ്ദാനങ്ങളുമായി അവര് ടെസ്ല എഞ്ചിനീയര്മാരെ റിക്രൂട്ട് ചെയ്യുകയാണ്. നിര്ഭാഗ്യവശാല് ചിലരുടെ കാര്യത്തില് അവര് വിജയിച്ചുവെന്ന് മസ്ക് പറഞ്ഞു.
ഓപ്പണ് എഐയോട് പിടിച്ചുനില്ക്കാന് ടെസ്ല സമാനമായ ശമ്പള വാഗ്ദാനം ചെയ്യുന്നുണ്ടോ എന്നും സോയര് മെറിറ്റ് ചോദിച്ചു.
എഐ എഞ്ചിനീയറിങ് ടീമംഗങ്ങളുടെ ശമ്പളം ടെസ്ല വര്ധിപ്പിക്കുകയാണെന്നും അത് അവരുടെ പുരോഗതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മസ്ക് മറുപടി നൽകി. ഈ രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിന്റെ സൂചനയാണ് മസ്കിന്റെ വെളിപ്പെടുത്തലുകള്
ഓപ്പണ് എഐ മാത്രമല്ല,
ഇലോണ് മസ്കിന്റെ എക്സ് എഐയും ഗൂഗിളിന്റെ ഡീപ്പ് മൈന്റും സക്കര്ബര്ഗിന്റെ മെറ്റയുമെല്ലാ എതിരാളികളായ സ്ഥാപനത്തിലെ വിദഗ്ദരെ സ്വന്തമാക്കാനുള്ള ശ്രമങ്ങള് നടത്തുന്നുണ്ട്.
മസ്കിന്റെ എക്സില് ഡീപ്പ് മൈന്റില് നിന്ന് വന്നവര് പ്രവര്ത്തിക്കുന്നുണ്ട്. മാര്ക്ക് സക്കര്ബര്ഗ് നേരിട്ട് ഗൂഗിള് ഡീപ്പ്മൈന്റിലെ ജീവനക്കാരെ ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ടതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.