ഓപ്പണ് എഐയ്ക്കും മേധാവി സാം ഓള്ട്മാനും എതിരെ നല്കിയ കേസ് ഇലോണ് മസ്ക് പിന്വലിച്ചു. അപ്രതീക്ഷിതമായാണ് ഈ നീക്കം. 2015 ല് ഓപ്പണ് എഐയ്ക്ക് തുടക്കമിടുമ്പോഴുള്ള കരാര് വ്യവസ്ഥകള് ഓള്ട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാരോപിച്ച് നല്കിയ പരാതിയാണ് മസ്ക് പിന്വലിച്ചത്.
നോണ് പ്രോഫിറ്റ് കമ്പനി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാം ഓള്ട്ട്മാനും സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനും തന്നെ സമീപിച്ചത്. ഈ സ്ഥാപകലക്ഷ്യം കമ്പനി ഉപേക്ഷിച്ചെന്നുമായിരുന്നു മസ്കിന്റെ ആരോപണം. ഫെബ്രുവരിയിലാണ് മസ്ക് കേസ് നല്കിയത്.
യാതൊരു കാരണവും വ്യക്തമാക്കാതെയാണ് മസ്കിന്റെ അഭിഭാഷകര് കേസ് പിന്വലിക്കാനായി സാൻഫ്രാൻസിസ്കോ കോടതിയെ സമീപിച്ചത്. കേസ് തള്ളിക്കളയാനുള്ള ഓപ്പണ്എഐയുടെ അപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന സ്ഥാപനം എന്ന ലക്ഷ്യത്തില് നിന്ന് പിന്മാറി ലാഭം ലക്ഷ്യമിട്ടുള്ള കമ്പനിയായി മാറിയ ഓപ്പണ് എഐയുടെ നീക്കം കരാര് ലംഘനമാണെന്ന മസ്കിന്റെ ആരോപണത്തിന് അധികം വൈകാതെ തന്നെ ഓപ്പണ് എഐ പരസ്യമായി മറുപടി നല്കിയിരുന്നു.
ഇലോണ് മസ്ക് ഓപ്പണ് എ.ഐയുടെ ഭാഗമായിരുന്ന കാലത്ത് കമ്പനിയും ഇലോണ് മസ്കുമായി നടത്തിയ ഇമെയില് സംഭാഷണങ്ങളുടെ സ്ക്രീന്ഷോട്ടുകള് പങ്കുവെച്ചുകൊണ്ടാണ് ഓപ്പണ് എ.ഐ. മസ്കിന് മറുപടി നല്കിയത്.
ഓപ്പണ് എ.ഐ. അതിന്റെ വര്ധിച്ച ആവശ്യങ്ങള് നിറവേറ്റുന്നതിനായി ഫണ്ട് ശേഖരണത്തിന് പുറമെ വരുമാനം കണ്ടെത്തണമെന്ന അഭിപ്രായത്തോട് മസ്ക് യോജിച്ചിരുന്നതായി ഇമെയിലുകള് തെളിവാക്കി ഓപ്പണ് എ.ഐ. പറഞ്ഞു.
പണം സ്വരൂപിച്ചതുകൊണ്ടുമാത്രം വിജയകരമായ ഒരു ജനറേറ്റീവ് എ.ഐ. പ്ലാറ്റ്ഫോം നിര്മിക്കുക ഓപ്പണ് എ.ഐയ്ക്ക് അസാധ്യമാണെന്നും നിലനില്പ്പിനായി പകരം വരുമാന സ്രോതസുകള് കണ്ടെത്തേണ്ടതുണ്ടെന്നും മസ്ക് വാദിച്ചിരുന്നുവെന്ന് ഇമെയിലുകള് തെളിവാക്കി ഓപ്പണ് എഐ പറഞ്ഞു.
അന്ന് മസ്ക് സ്വയം വാഗ്ദാനം ചെയ്ത ഫണ്ട് നല്കിയില്ലെന്നും ഇതിന് പുറമെ ഓപ്പണ് എഐ ഏറ്റെടുക്കാമെന്ന വാഗ്ദാനവും മസ്ക് മുന്നോട്ടുവെച്ചിരുന്നുവെന്നും ഓപ്പണ് എഐ പറയുന്നു. ഇതിന് കമ്പനി തയ്യാറായിരുന്നില്ല. ആവര്ഷമാണ് മസ്ക് ഓപ്പണ് എഐ വിട്ടത്.
പിന്നീടാണ് കമ്പനി നോണ് പ്രോഫിറ്റ് സ്ഥാപനത്തില് നിന്ന് ലാഭം ലക്ഷ്യമിട്ടുള്ള സ്ഥാപനമായി പരിവര്ത്തനം ചെയ്തത്. 2019 ല് ഓപ്പണ് എഐ എല്പി എന്ന സ്ഥാപനം രൂപീകരിക്കുകയും ചെയ്തു. പിന്നീടാണ് കമ്പനി ഇന്നുകാണും വിധം വളര്ന്നത്.
ഓപ്പണ് എഐയ്ക്കെതിരെ ശത്രുതാപരമായ നിലപാടാണ് മസ്ക് സ്വീകരിച്ചുവരുന്നത്. ഓപ്പണ് എഐയുമായി സഹകരണം പ്രഖ്യാപിച്ച ആപ്പിളിനെതിരെയും മസ്ക് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. നിരവധി പോസ്റ്റുകളാണ് ഈ സഹകരണത്തിനെതിരെ മസ്ക് പങ്കുവെച്ചത്.
ജനറേറ്റീവ് എഐ രംഗത്തെ ഓപ്പണ് എഐയുടെ പ്രവര്ത്തനങ്ങള്ക്കെതിരെ രംഗത്തുള്ള മസ്ക് എഐ മനുഷ്യവംശനാശത്തിന് കാരണമാവുമെന്ന വാദിക്കുകയും ഓപ്പണ് എഐയുടെ പ്രവര്ത്തനങ്ങളെ വന് ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യുന്നയാളാണ്.
എന്നാല് മസ്ക് തന്നെ പിന്നീട് എക്സ്എഐ എന്ന പേരില് സ്വന്തം എഐ സ്ഥാപനം തുടങ്ങുകയും ഓപ്പണ് എഐയില് നിന്നും ഗൂഗിളില് നിന്നുമെല്ലാമുള്ള വിദഗ്ദരെ ഉള്പ്പെടുത്തി ജനറേറ്റീവ് എഐ മോഡല് നിര്മിക്കുകയും ഗ്രോക്ക് എന്ന ചാറ്റ് ബോട്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു.