ഇലോണ്‍ മസ്‌കിന്റെ എയര്‍ക്രാഫ്റ്റ് എഞ്ചിനീയറിംഗ് കമ്പനി സ്പേസ്എക്സ് യുഎസിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി മാറിയെന്ന് റിപ്പോര്‍ട്ട്. സെക്കന്ററി മാര്‍ക്കറ്റില്‍ നടക്കുന്ന ഓഹരി വില്‍പ്പനയിലൂടെ കമ്പനിയുടെ മൂല്യം 125 ബില്യണ്‍ ഡോളര്‍ കടന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒക്ടോബറില്‍ 56 ഡോളറായിരുന്ന സ്പെയ്സ് എക്സ് ഓഹരി വില ഇപ്പോള്‍ 72 ഡോളറോളം ആണ്.
എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗി വിശദീകരണങ്ങളൊന്നും സ്പേസ് എക്സ് നല്‍കിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഓഹരികള്‍ പുറത്തിറക്കുമെന്ന് സ്പെയ്സ്എക്സ് അറിയിച്ചിട്ടുണ്ട്. ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് സ്ട്രൈപ്പിനെ ആണ് മൂല്യത്തില്‍ സ്പെയ്സ്എക്സ് മറികടന്നത്. 115 ബില്യണ്‍ ഡോളറാണ് സ്ട്രൈപ്പിന്റെ മൂല്യം. ടിക്ക്ടോക്ക് ഉടമകളായ ബൈറ്റ്ഡാന്‍സ് ആണ് ലോകത്തെ ഏറ്റവും മൂല്യമുള്ള (140 ബില്യണ്‍). ആഗോളതലത്തില്‍ രണ്ടാമതാണ് സ്പേസ്എക്സ്.
സെക്കന്ററി മാര്‍ക്കറ്റില്‍ സ്പേസ് എക്സിന്റെ സിഇഒ കൂടിയായ ഇലോണ്‍ മസ്‌ക് ഒഹരികള്‍ വിറ്റോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. 44 ശതമാനം ഓഹരികളാണ് മസ്‌കിന് സ്പെയ്സ് എക്സില്‍ ഉള്ളത്. 44 ബില്യണിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കാര്‍ കമ്പനി ടെസ്ലയിലെ ഓഹരികളുടെ ഒരു പങ്ക് മസ്‌ക് വിറ്റിരുന്നു.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒര്‍ജിന്‍, റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വിര്‍ജിന്‍ ഗ്യാലക്റ്റിക് എന്നിവയുമായാണ് സ്പേസ്എക്സ് മത്സരിക്കുന്നത്. ഈ വര്‍ഷം മാത്രം ഇതുവരെ 19 റോക്കറ്റുകളാണ് സ്പേസ്എക്സ് വിക്ഷേപിച്ചത്. നാസയുമായി സഹകരിച്ച് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് സ്പെയ്സ്എക്സ് ആളുകളെ എത്തിക്കുന്നുണ്ട്.