ന്യൂഡല്‍ഹി: തെറ്റായ ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിച്ച ശമ്പളക്കാരെ നിരീക്ഷിക്കുകയാണ് ആദായനികുതി (ഐ-ടി) വകുപ്പ്. മാത്രമല്ല, തട്ടിപ്പ് കണ്ടെത്താനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും ഉപയോഗപ്പെടുത്തുന്നു.
വിശദീകരണവും തെളിവുകളും ആവശ്യപ്പെട്ട് നിരവധി പ്രൊഫഷണലുകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി കഴിഞ്ഞു.
സെക്ഷന്‍ 10 (13 എ) പ്രകാരമുള്ള വീട്ടുവാടക അലവന്‍സ്, ഭവനവായ്പ കിഴിവ്, സഹായിയെ നിയമിക്കുന്നതിനുള്ള അലവന്‍സ് എന്നിവ ക്ലെയിം ചെയ്തവര്‍ക്കാണ് നോട്ടീസ്. കൂടാതെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അഭിഭാഷകന്‍, ആദായനികുതി പ്രൊഫഷണലുകള്‍ എന്നിവരുടെ വിശദാംശങ്ങളും നല്‍കണം.
ചാരിറ്റി, രാഷ്ട്രീയ സംഭാവനകളെക്കുറിച്ചുള്ള അവകാശവാദങ്ങളില്‍ റവന്യൂ വകുപ്പ് ഈയിടെ സംശയം പ്രകടിപ്പിച്ചിരുന്നു.
സവിശേഷ ഐഡികളുള്ള ട്രസ്റ്റുകള്‍ക്കുള്ള സംഭാവന മാത്രമേ സെക്ഷന്‍ 80ജി കിഴിവിനായി പരിഗണിക്കൂ. അതേസമയം വ്യാജ സംഭാവന ഫയല്‍ ചെയ്യപ്പെട്ടതായി വകുപ്പ് കരുതുന്നു.
ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ നിലവില്‍ ഒരു തിരിച്ചറിയല്‍ നമ്പര്‍ നിലനിര്‍ത്തേണ്ടതുണ്ട്.
ചാരിറ്റികളും രാഷ്ട്രീയ പാര്‍ട്ടികളും സമര്‍പ്പിച്ച നികുതി റിട്ടേണുകളുമായി വ്യക്തി റിട്ടേണുകള്‍ തട്ടിച്ചുനോക്കാനും ആദായ നികുതി വകുപ്പ് തയ്യാറായി.
സംഭാവനയുടെ സാധുത പരിശോധിക്കുന്നതിനാണിത്. രേഖകളുടെ കമ്പ്യൂട്ടര്‍ വത്ക്കരണം ഇക്കാര്യത്തില്‍ സഹായകരമാകുന്നു.
ബന്ധുക്കളുടെ പേരില്‍ വ്യാജ വാടക രസീതുകള്‍ സമര്‍പ്പിക്കുക, തെറ്റായ സംഭാവനകള്‍, അതിശയോക്തിപരമായ ക്ലെയിമുകള്‍, മറ്റ് അധാര്‍മ്മിക രീതികള്‍ എന്നിവയും നിരീക്ഷണ വിധേയമാണ്.