ബെംഗളൂരു: ഫിന്‍ടെക് കമ്പനികളായ റേസര്‍പേ, ക്യാഷ്ഫ്രീ പേയ്‌മെന്റ്, പേടിഎം പേയ്‌മെന്റ് സര്‍വീസസ് എന്നിവയുടെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച റെയ്ഡ് നടത്തി. ചൈനീസ് ലോണ്‍ അപ്പ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് തിരച്ചില്‍ നടന്നതെന്ന് ഇഡി പ്രസ്താവനയില്‍ പറയുന്നു.
പേയ്‌മെന്റ് ഗേറ്റ്‌വേകളിലും ബാങ്കുകളിലും ഉള്ള മര്‍ച്ചന്റ് ഐഡികള്‍/അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചൈനീസ് ആപ്പുകള്‍ ബിസിനസ് നടത്തുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു പരിശോധന. കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തില്‍ (എംസിഎ) രജിസ്റ്റര്‍ ചെയ്ത വിലാസങ്ങളില്‍ നിന്നല്ല ഇവ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.
തുടര്‍ന്ന് ഇത്തരത്തിലുള്ള വ്യാജ മര്‍ച്ചന്റ് ഐഡികളിലും അക്കൗണ്ടുകളില്‍ നിന്നുമായി 17 കോടി രൂപ ഇഡി പിടിച്ചെടുത്തു. അന്വേഷണവുമായി സഹകരിക്കുകയാണെന്ന് റേസര്‍പേ അറിയിച്ചെങ്കിലും പേടിഎം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം കൂടുതല്‍ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് ഇഡി.