ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരമായി 16,982 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ജിഎസ്ടി കൗണ്‍സില്‍ അനുമതി. ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. 49ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.
സിമന്റിന്റെ ജിഎസ്ടി കുറയ്ക്കണമെന്ന നിര്‍ദേശം ഇതുവരെ ഫിറ്റ്മെന്റ് കമ്മിറ്റിയില്‍ എത്തിയിട്ടില്ല. “ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ ബാക്കിയുള്ള മുഴുവന്‍ കുടിശ്ശികയായ 16,982 കോടി രൂപ ഇന്ന് മുതല്‍ ക്ലിയര്‍ ചെയ്യപ്പെടും,” ധനമന്ത്രി പറഞ്ഞു. നിലവില്‍ തുക നഷ്ടപരിഹാര ഫണ്ടില്‍ ലഭ്യമല്ല.
എങ്കിലും സ്വന്തം വിഭവങ്ങളില്‍ നിന്ന് സമാഹരിച്ച് വിതരണം ചെയ്യും. അതിനുശേഷം നഷ്ടപരിഹാര സെസിലൂടെ തിരിച്ചുപിടിക്കും. 2017 ലെ ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) നിയമത്തില്‍ വിഭാവനം ചെയ്ത പ്രകാരം 5 വര്‍ഷത്തേക്കുള്ള നഷ്ടപരിഹാര സെസ് കുടിശ്ശികയാണ് ഇപ്പോള്‍ നല്‍കുന്നത്.
റാബ് ശര്‍ക്കരുടെ നിലവിലെ ജിഎസ്ടിയായ 18 ശതമാനം പൂജ്യമായോ 5 ശതമാനമായോ കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലും മറ്റ് ശര്‍ക്കര ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലും ഉപയോഗത്തിലുള്ള ദ്രാവക ശര്‍ക്കരയാണ് റാബ്. പുതിയ തീരുമാന പ്രകാരം പാക്ക് ചെയ്യാത്തവയ്ക്ക് പൂജ്യവും പാക്ക് ചെയ്തവയ്ക്ക് 5 ശതമാനവുമാണ് ജിഎസ്ടി.
ഡ്യൂറബിള്‍ കണ്ടെയ്നറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ടാഗ് ട്രാക്കിംഗ് ഉപകരണങ്ങളുടെയും ഡാറ്റാ ലോഗ്ഗറുകളുടെയും ജിഎസ്ടി 18% ത്തില്‍ നിന്നും പൂജ്യമായാണ് താഴ്ത്തിയത്. പെന്‍സില്‍ ഷാര്‍പ്നറുകളുടെത് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായും കുറച്ചു.