ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ടെസ്‍ലയുടെ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനിയും വൈകുമെന്ന് ഓട്ടോ മൊബൈല്‍ രംഗത്തുള്ളവര്‍ നിരീക്ഷിക്കുന്നു.
വിദേശ കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രാദേശിക മൂല്യവര്‍ദ്ധിത ചിലവുകളില്‍ ഇളവ് നല്‍കാനോ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാമോ ഇപ്പോള്‍ പദ്ധതിയില്ലെന്ന് ബുധനാഴ്ച കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് പാര്‍ലമെന്റിലാണ് അറിയിച്ചത്.
സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇലക്ട്രിക് വാഹന രംഗത്ത് ആഭ്യന്തര, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് 2021ല്‍ 310 കോടി ഡോളറിന്റെ സഹായ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മിക്കുന്ന കമ്പനികള്‍ക്കായി 200 കോടി ഡോളറിന്റെ സഹായ പദ്ധതിയും കൊണ്ടുവന്നു.
അതേസമയം അടുത്ത ഘട്ടത്തില്‍ ഇന്ത്യയില്‍ വാഹന നിര്‍മാണം കൂടി ആരംഭിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍ വിദേശ കമ്പനികള്‍ക്ക് ഇറക്കുമതി തീരുവയില്‍ ഇളവുകളോടെ ഇലക്ട്രിക് വാഹനങ്ങള്‍ വിദേശത്തു നിന്ന് എത്തിച്ച് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതി നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അത്തരമൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് വിദേശ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് നികുതി ഇളവ് നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
ഇതോടെ ടെസ്‍ലയുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിവന്ന ചര്‍ച്ചകള്‍ ഉടന്‍ ഫലം കാണില്ലെന്നാണ് വാഹന രംഗത്തുള്ളവരുടെ വിലയിരുത്തല്‍. നേരത്തെ കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടെസ്‍ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു വര്‍ഷത്തോളം നിലച്ച മട്ടിലായിരുന്നു.
അതേസമയം മറ്റിടങ്ങളില്‍ നിര്‍മിച്ച വാഹനങ്ങള്‍ ഇന്ത്യയില്‍ ആകര്‍ഷകമായ വിലയില്‍ ആദ്യം വിറ്റഴിക്കാനായി നിരുതി നിരക്കുകളില്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു ടെസ‍്‍ല ചീഫ് എക്സിക്യൂട്ടീവ് ഇലോണ്‍ മസ്‍കിന്റെ നിലപാട്.
പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെസ്‍ല ഇന്ത്യയില്‍ കാര്യമായ നിക്ഷേപം നടത്തുമെന്ന തരത്തില്‍ ഇലോണ്‍ മസ്‍ക് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
അടുത്ത വര്‍ഷത്തോടെ വിദേശ നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനും ഒപ്പം രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാനുമുള്ള കരാറില്‍ ഇന്ത്യന്‍ സര്‍ക്കാറും ടെസ്‍ലയും ഉടന്‍ എത്തിച്ചേരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം കാലിഫോര്‍ണിയയിലെ ടെസ്‍ല പ്ലാന്റ് സന്ദര്‍ശിച്ച കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍, ഇന്ത്യയില്‍ നിന്ന് ടെസ്‍ല വാങ്ങിക്കൊണ്ടിരിക്കുകന്ന ഓട്ടോ മൊബൈല്‍ ഭാഗങ്ങളുടെ മൂല്യം 190 കോടി ഡോളറില്‍ നിന്ന് ഇരട്ടിയായി ഉയരുമെന്ന് അറിയിച്ചു.