ദില്ലി: വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഓർഗനൈസേഷൻ. 2047 ഓടെ രാജ്യത്തെ 140 ദശലക്ഷത്തോളം ആളുകൾ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാകുമെന്നാണ് വിലയിരുത്തൽ.
അങ്ങനെ വരുമ്പോൾ, എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ഓർഗനൈസേഷന്റെ പെൻഷൻ ഫണ്ടിന് മുകളിൽ 2047 ആകുമ്പോഴേക്കും വലിയ ബാധ്യത തന്നെ ഉണ്ടാകും. ഈ സാഹചര്യത്തിൽ വിഷൻ 2047 എന്ന റിപ്പോർട്ടിൽ വിരമിക്കൽ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യമാണ് ഇപിഎഫ്ഒ മുന്നോട്ട് വയ്ക്കുന്നത്.
പെൻഷൻ സമ്പ്രദായത്തിന്റെ നിലനിൽപ്പിനായി മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ് ഈ റിപ്പോർട്ടിൽ ഇപിഎഫ്ഒ ആവശ്യപ്പെടുന്നത്. ഇതിലൂടെ കൂടുതൽ കാലത്തേക്ക്. ഉയർന്ന തുക പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപമായി എത്തുമെന്നും ഇപിഎഫ്ഒയ്ക്കും ഇതിന്റെ ഗുണഫലം ഉണ്ടാകുമെന്നും ഓർഗനൈസേഷൻ കണക്കുകൂട്ടുന്നു.
നിലവിൽ ഇ പി എഫ് ഒ സബ്സ്ക്രൈബർമാരുടെ എണ്ണം 60 ദശലക്ഷമാണ്. ഇതിൽ 12 ലക്ഷം കോടി രൂപയിലേറെ പെൻഷനും പ്രൊവിഡന്റ് ഫണ്ട് നിക്ഷേപവുമായുണ്ട്. ഭാവിയിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയേയും പ്ലാനിൽ ഉൾപ്പെടുത്താനാണ് ഇ പി എഫ് ഒ ആലോചിക്കുന്നത്.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 60 വയസിലേറെ പ്രായമുള്ളവരുടെ എണ്ണം 2031 ൽ 194 ദശലക്ഷമാകും. 2021 ൽ ഇത് 138 ദശലക്ഷമായിരുന്നു. ഇന്ത്യയിൽ വിരമിക്കൽ പ്രായം 58 വയസ്സ് മുതൽ 65 വയസ്സ് വരെയാണ്.
സ്വകാര്യമേഖലയിലും പൊതുമേഖലയിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിലും പല പ്രായത്തിലാണ് ജീവനക്കാർ വിരമിക്കുന്നത്. എന്നാൽ യൂറോപ്പിലെ വിരമിക്കൽ പ്രായം 65 വയസ്സാണ്. ഡെൻമാർക്കിലും ഇറ്റലിയിലും ഗ്രീസിലും ഇത് 67 വയസ്സാണ്. അമേരിക്കയിൽ 66 വയസ്സാണ് വിരമിക്കൽ പ്രായം. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.