
തൃശൂർ ആസ്ഥാനമായി ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ (ഇസാഫ് ബാങ്ക്) പ്രാഥമിക പബ്ലിക് ഇഷ്യൂവിനുള്ള (ഐപിഒ) ഓഹരി വിലനിലവാരം നിശ്ചയിച്ചു.
നവംബർ മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന ഐപിഒയിൽ, ഇസാഫ് ബാങ്ക് ഓഹരിക്ക് 57 രൂപ മുതൽ 60 രൂപ വരെയുള്ള വിലനിലവാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 250 ഓഹരികളുടെ ഗുണിതങ്ങളായി ഇസാഫ് ബാങ്ക് ഐപിഒയിൽ അപേക്ഷിക്കുന്നത്.
ഗ്രേ മാർക്കറ്റ് പ്രീമിയം
ഇസാഫ് ബാങ്ക് ഐപിഒയിൽ നിക്ഷേപകർക്ക് ഓഹരിക്ക് വേണ്ടി അപേക്ഷിക്കാനുള്ള വിലനിലവാരം കൂടി നിശ്ചയിച്ചതോടെ, അനൗദ്യോഗിക വിപണിയിലും (ഗ്രേ മാർക്കറ്റ്) വ്യാപാരം സജീവമായിട്ടുണ്ട്.
ഐപിഒ നടപടികൾ പൂർത്തിയാക്കി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് മുൻപേ, അൺലിസ്റ്റഡ് ഓഹരികളുടെ വ്യാപാരവും ഊഹക്കച്ചവടവും നടക്കുന്ന ഔദ്യോഗിക ചട്ടക്കൂടിന് പുറത്തുള്ള വിപണിയാണിത്.
ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം, ഇസാഫ് ബാങ്ക് ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 20% കവിയുമെന്നാണ് നിഗമനം.
ലാഭം പ്രതീക്ഷിക്കാമോ?
ഇസാഫ് ബാങ്ക് ഐപിഒയിൽ ഓഹരിയുടെ വിലനിലവാരം (പ്രൈസ് ബാൻഡ്) 57 രൂപ മുതൽ 60 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതുപ്രകാരം ബാങ്കിന്റെ വിപണി മൂല്യം 3,000 കോടി കവിയും.
ഓഹരിയുടെ പിഇ അനുപാതം (പ്രൈസ് ടു ഏണിങ്സ് റേഷ്യോ) 9 മടങ്ങ് നിലവാരത്തിലാണുള്ളത്.
എന്നാൽ കഴിഞ്ഞ 12 മാസക്കാലയളവ് കണക്കാക്കിയാൽ, ഇസാഫ് ബാങ്ക് ഓഹരിയുടെ പിഇ അനുപാതം 6 മടങ്ങ് നിലവാരത്തിലേയുള്ളു.
അതുപോലെ ഒരു ഓഹരിയുടെ മൂല്യം വിലയിരുത്താൻ പരിഗണിക്കാവുന്ന മറ്റൊരു ഘടകമാണ് പിബി റേഷ്യോ. നിലവിൽ നൽകിയിട്ടുള്ള സാമ്പത്തിക കണക്കുകൾ പ്രകാരം ഇസാഫ് ബാങ്ക് ഓഹരിയുടെ പിബി റേഷ്യോ 1.53 മടങ്ങിലാണുള്ളത്.
എന്നാൽ എതിരാളി കമ്പനികളുടെ ശരാശരി പിബി അനുപാതം 2.5 മടങ്ങ് നിലവാരത്തിലാണ്. അതായത്, ധനകാര്യ മേഖലയിലെ സമാന കമ്പനികളേക്കാൾ ഇസാഫ് ബാങ്ക് ഓഹരി 50 ശതമാനത്തോളം ഡിസ്കൗണ്ടിലാണ് ഉള്ളതെന്ന് സാരം.
ഇസാഫ് ഐപിഒ
പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ 390.70 കോടി രൂപയും നിലവിലെ ഓഹരിയുടമകൾ വിൽക്കുന്ന 72.30 കോടി രൂപയും ഉൾപ്പെടെ ഇസാഫ് ബാങ്ക് ഐപിഒയിലൂടെ 463 കോടിയാണ് സമാഹരിക്കുന്നത്.
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഇഷ്യൂ ചെയ്യുന്ന ആകെ ഓഹരികളിൽ നിന്നും 50 ശതമാനം യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും 35 ശതമാനം ചെറുകിട നിക്ഷേപകർക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
മൊത്തം 12.50 കോടിയുടെ ഓഹരികൾ ജീവനക്കാർക്കായും ഇസാഫ് ബാങ്ക് ഐപിഒയിൽ നീക്കിവെച്ചിട്ടുണ്ട്.
ഇസാഫ് ബാങ്ക്
1992-ൽ കെ പോൾ തോമസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സന്നദ്ധ സംഘടനയിലാണ്, ഇസാഫ് ബാങ്കിന്റെ വേരുകൾ ചെന്നുനിൽക്കുക. തുടർന്ന് 1995-ലാണ് ചെറുകിട ബിസിനസ് സംരംഭങ്ങളുടെ വികസനത്തിൽ പങ്കാളിയാകുന്ന സ്ഥാപനമായി കളം മാറ്റിച്ചവിട്ടിയത്.
2008-ഓടെ ഇസാഫ് മൈക്രോഫിനാൻസ് ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നതിലേക്ക് രൂപാന്തരംപ്രാപിച്ചു. തുടർന്ന് 2015-ലാണ് സ്മോൾ ഫിനാൻസ് ബാങ്ക് രൂപീകരിക്കുന്നത്. റിസർവ് ബാങ്ക് അനുമതിയോടെ, 2017 മാർച്ച് 10-ന് ഇസാഫ് ബാങ്കിന്റെ പ്രവർത്തനം തുടങ്ങി.
ഇന്ന് രാജ്യത്താകമാനം 700ഓളം ശാഖകളും 750-ഓളം ഉപഭോക്തൃ സേവന കേന്ദ്രങ്ങളും ഇസാഫ് ബാങ്കിന് സ്വന്തമായുണ്ട്.