ന്യൂഡൽഹി: എസ്സാർ ഗ്രൂപ്പ് അവരുടെ ചില തുറമുഖങ്ങളും പവർ, ട്രാൻസ്മിഷൻ ആസ്തികളും അടങ്ങുന്ന ഇൻഫ്രാ ആസ്തികൾ ഏകദേശം 2.4 ബില്യൺ ഡോളറിന് (ഏകദേശം 19,000 കോടി രൂപ) ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യയ്ക്ക് (എഎം/എൻഎസ്) വിൽക്കാൻ ഒരുങ്ങുന്നു. ഇതിന് പുറമെ ഗുജറാത്തിലെ ഹാസിറയിൽ 4 എംടിപിഎ ശേഷിയുള്ള ദ്രവീകൃത പ്രകൃതി വാതക (LNG) ടെർമിനൽ നിർമ്മിക്കുന്നതിന് സംയുക്ത സംരംഭം രൂപീകരിക്കാനും ഇരു സ്ഥാപനങ്ങളും കൈകോർക്കും.
ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ആസ്തികൾ ഉൾപ്പെടുന്ന ഇടപാട് കോർപ്പറേറ്റ്, റെഗുലേറ്ററി അനുമതികൾ പൂർത്തീകരിക്കുന്നതിന് വിധേയമായി അവസാനിക്കുമെന്ന് കമ്പനി അറിയിച്ചു. പാപ്പരത്വ കോടതിയിലെയും സുപ്രീം കോടതിയിലെയും നീണ്ട പോരാട്ടത്തിനൊടുവിൽ എഎം/എൻഎസ് എസ്സാർ സ്റ്റീലിന്റെ 10 എംടിപിഎ സംയോജിത സ്റ്റീൽ പ്ലാന്റ് 42,000 കോടി രൂപയ്ക്ക് ഒരു പാപ്പരത്ത ലേലത്തിലൂടെ നേരത്തെ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ വിറ്റ ഹസീറയിലെ ആസ്തികളിൻ മേലും നേരത്തെ തർക്കങ്ങൾ ഉണ്ടായിരുന്നു, ഇവ പ്രാഥമികമായി സ്റ്റീൽ പ്ലാന്റിന്റെ ക്യാപ്റ്റീവ് യൂണിറ്റുകളായി നിർമ്മിച്ചതാണെന്നും. അതിനാൽ, സ്റ്റീൽ പ്ലാന്റിനൊപ്പം ഇവയുടെ ഉടമസ്ഥാവകാശം കൈമാറണമെന്നും എഎം/എൻഎസ് അവകാശപ്പെട്ടിരുന്നു.
പാപ്പരത്ത പരിഹാരത്തിനായി അംഗീകരിച്ച 12 വലിയ കേസുകളിൽ ഒന്നാണ് എസ്സാർ സ്റ്റീൽ കേസ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ കമ്പനികളായ ആർസെലർ മിത്തലിന്റെയും നിപ്പോൺ സ്റ്റീലിന്റെയും സംയുക്ത സംരംഭമാണ് എഎം/എൻഎസ്.
ഈ ആസ്തികൾ എഎം/എൻഎസ് ഇന്ത്യയുടെ സ്റ്റീൽ നിർമ്മാണവുമായി ബന്ധപ്പെട്ടതാണെന്നും. അതിനാൽ ഈ ഏറ്റെടുക്കൽ കമ്പനിയുടെ നിർമ്മാണ, ലോജിസ്റ്റിക് ശൃംഖലയുടെ തന്ത്രപരമായ സംയോജനം ശക്തിപ്പെടുത്തുമെന്നും ആർസലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഈ ഇടപാടോടെ ഗ്രൂപ്പ് അതിന്റെ ആസൂത്രിത അസറ്റ് മോണിറ്റൈസേഷൻ പ്രോഗ്രാം അവസാനിപ്പിക്കുമെന്നും ഇന്ത്യൻ ബാങ്കിംഗ് മേഖലയുമായുള്ള 25 ബില്യൺ ഡോളറിന്റെ കടം തിരിച്ചടയ്‌ക്കുമെന്നും എസ്സാർ അറിയിച്ചു. എസ്സാർ ഗ്രൂപ്പിന് 15 ബില്യൺ ഡോളറിന്റെ മൊത്ത വരുമാനവും ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 8 ബില്യൺ ഡോളറിന്റെ ആസ്തികളുമുണ്ട്.