
ഉപ്പുതറ (ഇടുക്കി): വിളവെടുപ്പുതുടങ്ങിയിട്ടും കാപ്പി വില ഉയരുന്നു. ഉത്പാദനം തീരെ കുറഞ്ഞതാണ് കാരണം. വെള്ളിയാഴ്ച വിപണിയില്‍ ഒരുകിലോ കാപ്പിക്കുരുവിന് (ഉരുളൻ) 230-235 രൂപയും, പരിപ്പിന് 395-400 രൂപയും വിലയുണ്ട്.
ഇതനുസരിച്ച് കാപ്പിപ്പൊടിയുടെ വില 680-ലേക്ക് ഉയർന്നു.
ഉത്പാദനച്ചെലവിന് അനുസരിച്ച് വില കിട്ടാത്തതിനാല്‍ കാപ്പി കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായിരുന്നു. 2000-ത്തിനു ശേഷം 50 ശതമാനത്തോളം കർഷകരാണ് കാപ്പി വെട്ടിമാറ്റി ഏലം കൃഷിയിലേക്ക് തിരിഞ്ഞത്.
ബാക്കിയുണ്ടായിരുന്ന കർഷകർ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെട്ട് കാപ്പിയുടെ സംരക്ഷണത്തില്‍നിന്ന് പിന്തിരിഞ്ഞു. ഇതോടെ ഉത്പാദനം കുറഞ്ഞ് ആഭ്യന്തര ഉപയോഗത്തേയും വിപണിയേയും സാരമായി ബാധിച്ചു.
ഇതോടെ 2010 മുതല്‍ കാപ്പിക്കുരുവിന് സാവകാശം വില ഉയരാൻ തുടങ്ങി. എന്നാല്‍ 40-ല്‍നിന്ന് 2022 ആയപ്പോഴും 90-95 രൂപയിലേക്ക് മാത്രമാണ് വില ഉയർന്നത്.
2023 ഫെബ്രുവരിയില്‍ 120 രൂപയിലെത്തി. പിന്നീട് ഓരോ ദിവസവും വിലയുയർന്നാണ് ഇപ്പോള്‍ ഉരുളൻകുരുവിന് 235 രൂപയും, കാപ്പി പരിപ്പിന് 400 രൂപയിലും വില എത്തിനില്‍ക്കുന്നത്. ഉത്പാദനം 25-30 ശതമാനമായി കുറഞ്ഞതിനാല്‍ വില വർധനവിന്റെ ഗുണം കർഷകർക്കും തോട്ടം ഉടമകള്‍ക്കും കിട്ടുന്നില്ല.
വിളവെടുപ്പ് തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. അത്രകണ്ട് ഉത്പാദനം കുറഞ്ഞിട്ടുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. വിവിധ കാരണങ്ങളാല്‍ കാപ്പി കൃഷി വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
ഇത് പരിശോധിക്കുന്നതിനും, പരിഹാരം നിർദേശിക്കുന്നതിനും കോഫീ ബോർഡ് കാര്യമായി ഇടപെടുന്നില്ലെന്നാണ് തോട്ടം ഉടമകളുടെയും, കർഷകരുടേയും പരാതി.