ഡൽഹി: ബാറ്ററി, ഫ്ലാഷ്‌ലൈറ്റ് നിർമ്മാതാക്കളായ എവറെഡി ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് 2022 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 52.54 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിൽ 14.73 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
അതേസമയം അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ 357.49 കോടിയിൽ നിന്ന് 5.1 ശതമാനം ഉയർന്ന് 375.75 കോടി രൂപയായതായി കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ത്രൈമാസത്തിൽ തിരിച്ചടച്ച ലോണിന്റെ നോൺ-ക്യാഷ് ചാർജും മാറ്റിവച്ച നികുതികളിലേക്കുള്ള ക്രമീകരണവും രണ്ടാം പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തെ പ്രതികൂലമായി ബാധിച്ചതായി കമ്പനി കൂട്ടിച്ചേർത്തു.
പ്രസ്തുത പാദത്തിൽ ബർമൻ കുടുംബത്തിന്റെ പിന്തുണയുള്ള എവറെഡി ഇൻഡസ്ട്രീസിന്റെ മൊത്തം ചെലവ് 355.33 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ഓഹരികൾ വെള്ളിയാഴ്ച 1.72 ശതമാനം ഇടിഞ്ഞ് 294.15 രൂപയിലെത്തി.