ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 16 നിശ്ചയിച്ചിരിക്കയാണ് എക്‌സല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 22.50 രൂപ അഥവാ 450 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ വില 1,313.95 രൂപ വച്ച് നോക്കുമ്പോള്‍ 1.65 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 1,221.87 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയ എക്‌സല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരി, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 237.39 ശതമാനവും 2022 ല്‍ 22.97 ശതമാനവും ഉയര്‍ന്നു. 1,818.15 കോടി രൂപ വിപണി മൂല്യമുള്ള എക്‌സല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കീടനാശിനികളും കാര്‍ഷിക രാസവസ്തുക്കളും ഉല്‍പ്പാദിപ്പിക്കുന്ന സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്.
ഇന്ത്യയിലെ മുന്‍നിര തദ്ദേശീയ രാസ സ്ഥാപനങ്ങളിലൊന്നാണ് ഇത്. പ്രീമിയം വെറ്ററിനറി എപിഐകളുടെയും സ്‌പെഷ്യാലിറ്റി പോളിമര്‍ അഡിറ്റീവുകളുടെയും മുന്‍നിര നിര്‍മ്മാതാക്കളാണ് .വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ലാഭവിഹിതം വിതരണം ചെയ്യുമെന്ന് കമ്പനി പറയുന്നു.