
മുംബൈ: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) അന്തിമ അനുമതി ലഭിച്ചതിന് അനുസൃതമായി, എക്സൈഡ് ലൈഫ് എച്ച്‌ഡിഎഫ്‌സി ലൈഫുമായി ലയിച്ചു. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായിരുന്നു എക്‌സൈഡ് ലൈഫ്.
ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് മേഖലയിലെ ആദ്യത്തെ ലയന-ഏറ്റെടുക്കൽ (എം&എ) ഇടപാടാണിത്. എച്ച്‌ഡിഎഫ്‌സി ലൈഫ് എക്‌സൈഡ് ലൈഫിന്റെ ഏറ്റെടുക്കൽ 2022 ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു. കൂടാതെ 2021 സെപ്റ്റംബറിലെ ഇടപാട് പ്രഖ്യാപനം മുതൽ 2022 ജനുവരിയിലെ ഏറ്റെടുക്കലും ഒടുവിൽ ലയനം ഉൾപ്പെടയുള്ള മുഴുവൻ ഇടപാടുകളും 14 മാസത്തിനുള്ളിൽ പൂർത്തിയായി.
ലയനത്തിന് അനുസൃതമായി, രണ്ട് സ്ഥാപനങ്ങളിലെയും ഉപഭോക്താക്കൾക്ക് വിശാലമായ ഉൽപ്പന്നങ്ങളിലേക്കും സേവന കേന്ദ്രങ്ങളിലേക്കും പ്രവേശനം ലഭിക്കും. ഈ ലയനം എച്ച്‌ഡിഎഫ്‌സി ലൈഫിന്റെ ഏജൻസി ചാനലിന്റെ സ്കെയിൽ-അപ്പ് ത്വരിതപ്പെടുത്തുകയും ടയർ II, ടയർ III വിപണികളിൽ അതിന്റെ ഭൂമിശാസ്ത്രപരമായ സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യും.