
ന്യൂയോര്‍ക്ക്: യുഎസ് സ്‌റ്റോക്കുകളുടെ വേനല്‍ക്കാല വീണ്ടെടുപ്പ് 2022 രണ്ടാം പകുതിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 1970 ന് ശേഷമുള്ള മോശം ആദ്യ പകുതിയ്ക്ക് ശേഷം എസ്ആന്റ്പി500 ജൂണില്‍ ഏകദേശം 15 ശതമാനം ഉയര്‍ന്നിരുന്നു. മികച്ച കോര്‍പറേറ്റ് ഫലങ്ങള്‍ മാന്ദ്യഭീതി ദൂരീകരിച്ചതും പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്.
അനലിസ്റ്റുകള്‍ വിശ്വാസം കൈവിടാന്‍ തയ്യാറല്ല. ‘വീതി, ആക്കം, വ്യാപാര പാറ്റേണുകള്‍ തുടങ്ങിയവ വിലയിരുത്തുമ്പോള്‍ ഇക്വിറ്റികളിലെ സമീപകാല നേട്ടങ്ങള്‍ മങ്ങാന്‍ സാധ്യതയില്ലെന്ന് ബോധ്യപ്പെടുന്നു. നിലവിലെ റാലി കൂടുതല്‍ സ്ഥിരതയുള്ളതാണ്. ഈ ഘട്ടത്തില്‍ ഭയപ്പെടേണ്ട ആവശ്യമില്ല,’ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം ഓള്‍ സ്റ്റാര്‍ ചാര്‍ട്ട്‌സിലെ നിക്ഷേപ തന്ത്രജ്ഞന്‍ വില്ലി ഡെല്‍വിച്ച് പറഞ്ഞു.
കൂടാതെ, എസ്ആന്റ്പി500 ലെ 50 ദിന മൂവിംഗ് ആവറേജിന് മുകളിലുള്ള ഓഹരികള്‍ ഈയിടെ 90 ശതമാനത്തിലെത്തി. ഇനിയുള്ള ദിവസങ്ങളില്‍ സൂചിക ശരാശരി 18.3% നേട്ടമുണ്ടാക്കുമെന്നാണ് ഈ ട്രെന്‍ഡ് കാണിക്കുന്നത്. എന്നാല്‍ ശുഭാപ്തി വിശ്വാസം നേരത്തെയാണെന്ന് മറ്റു ചിലര്‍ വിശ്വസിക്കുന്നു.
മുന്‍കാല റാലികള്‍ പെട്ടെന്ന് കെട്ടടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ഇങ്ങിനെയൊരു നിഗമനം. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന ഫെഡ് റിസര്‍വ് പ്രതിനിധികളുടെ പ്രസ്താവനയിലേയ്ക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. വ്യോമിംഗിലെ ജാക്‌സണ്‍ ഹോളില്‍ നടക്കുന്ന സിമ്പോസിയത്തിലേയ്ക്കാണ് ഇപ്പോള്‍ മുഴുവന്‍ കണ്ണുകളും.
ഓഗസ്റ്റ് 26ന് അവിടെ നടക്കുന്ന വാര്‍ഷിക ആഗോള സെന്‍ട്രല്‍ ബാങ്കിംഗ് കോണ്‍ഫറന്‍സിനെ ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ അഭിസംബോധന ചെയ്യും. യുഎസിലെ കടമെടുപ്പ് ചെലവ് എത്രത്തോളം ഉയര്‍ന്നേക്കാം, പലിശ നിരക്ക് കുറയാന്‍ ഇനി എത്രനാളെടുക്കും തുടങ്ങിയ കാര്യങ്ങള്‍ അന്ന് വ്യക്തമാക്കപ്പെടും. അതിനനുസരിച്ചായിരിക്കും വരും ദിവസങ്ങളില്‍ വാള്‍സ്ട്രീറ്റ് സൂചികകളുടെ പ്രകടനമെന്ന് വിദഗ്ധര്‍ പറയുന്നു.