![](https://www.livenewage.com/wp-content/uploads/2022/11/veg1.jpeg)
കോഴിക്കോട്: സംസ്ഥാനത്തുനിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി വെള്ളിയാഴ്ചമുതൽ നിലയ്ക്കും. ജി.എസ്.ടി.യിലെ വർധനയും എയർലൈൻസുകൾ നിരക്ക് കൂട്ടിയതുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷനെയും കേരള എക്സ്പോർട്ടേഴ്സ് ഫോറത്തെയും കയറ്റുമതി നിർത്തിവെക്കാൻ പ്രേരിപ്പിച്ചത്. കപ്പൽമാർഗമുള്ള കയറ്റുമതിയും നിർത്തിവെക്കുന്നുണ്ട്. അനിശ്ചിതകാലത്തേക്കാണ് സമരം.
കയറ്റുമതി ചരക്ക് കൂലിയിൽ ഒക്ടോബർ മുതൽ ഏർപ്പെടുത്തിയ സംയോജിത ചരക്ക്-സേവന നികുതി (ഐ.ജി.എസ്.ടി.) പിൻവലിക്കണമെന്ന് കയറ്റുമതിക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ധനകാര്യമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സംഘടന നിവേദനമയച്ചു.
വിമാനമാർഗം കയറ്റുമതിചെയ്യുന്ന ചരക്കുകൂലിയിന്മേൽ 18 ശതമാനവും കപ്പൽമാർഗമുള്ളതിൽ അഞ്ചുശതമാനവും ഐ.ജി.എസ്.ടി.യാണ് ഒക്ടോബർമുതൽ ജി.എസ്.ടി. കൗൺസിൽ ഏർപ്പെടുത്തിയത്. ഈ തുക റീഫണ്ട് ചെയ്യാനോ ക്രെഡിറ്റ് എടുക്കാനോ സാധ്യമല്ല.
കോവിഡിനെത്തുടർന്ന് കയറ്റുമതി ചരക്കുകൂലി ഉയർന്നനിരക്കിലായത് കാരണം പ്രതിസന്ധിയിലായ മേഖലയ്ക്ക് അധിക ജി.എസ്.ടി. കൂടുതൽ ഭാരമായി.
ഇതുമൂലം ഒക്ടോബറിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ രണ്ടുവർഷത്തിനിടെ 16.8 ശതമാനം ഇടിവുണ്ടായി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽനിന്നുള്ള കയറ്റുമതിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
ഇൻഡൊനീഷ്യ, ഫിലിപ്പീൻസ്, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങളോട് വിലയിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കഴിയാത്ത സ്ഥിതിയുമുണ്ട്. കാർഷികരംഗത്ത് ഇതിന്റെ പ്രത്യാഘാതമുണ്ടാവും.