
ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്റെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജിഎസ്പി) പിന്‍വലിക്കല്‍, സമുദ്ര ചരക്കുനീക്കത്തിന് ചരക്ക് സേവന നികുതി, സ്‌റ്റെയിന്‍ലെസ് സ്റ്റീലിന്റെ തീരുവ, വരുമാനം വീണ്ടെടുക്കുന്നതിനും തിരിച്ചയക്കുന്നതിനും ആവശ്യമായി വരുന്ന നീണ്ട കാലയളവ്, ചൈനയിലേയും യുഎസിലേയും ഡിമാന്‍ഡ് കുറവ് എന്നീ ആശങ്കകള്‍ കേന്ദ്രസര്‍ക്കാറുമായി പങ്കുവച്ചിരിക്കയാണ് കയറ്റുമതിക്കാര്‍. വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയില്‍ കയറ്റുമതി പ്രമോഷന് കൗണ്‍സിലുകളാണ് ഇക്കാര്യങ്ങള്‍ ഉയര്‍ത്തിയത്.
ചരക്കു കയറ്റുമതി മന്ദഗതിയിലാകുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ഇന്ത്യയുടെ ചരക്ക് കയറ്റുമതി വളര്‍ച്ച രണ്ടാം പാദത്തില്‍ കുറഞ്ഞ ഒറ്റ അക്കത്തിലേക്ക് വീണിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ സങ്കോചം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ നികുതി ഇളവുകള്‍ വേണമെന്ന് കയറ്റുമതിക്കാര്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലേയ്ക്കുള്ള 7.9 ബില്യണ്‍ ഡോളര്‍ വരെ വരുന്ന പ്ലാസ്റ്റിക്, കല്ല്, യന്ത്രസാമഗ്രികള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് നികുതി ഇളവ് ലഭ്യമാകുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ റീഫണ്ട് ഓഫ് ഡ്യൂട്ടിസ് ആന്‍ഡ് ടാക്‌സ് (ആര്‍ഒഡിടിഇപി) പദ്ധതി ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലേയ്ക്ക് വ്യാപിപ്പിക്കണം.
റഷ്യ-ഉക്രെയ്ന്‍ യുദ്ധവും യൂറോപ്യന്‍ യൂണിയനിലെ ഗ്യാസ് പ്രതിസന്ധിയും കാരണം എഞ്ചിനീയറിംഗ് കയറ്റുമതി കഴിഞ്ഞ രണ്ട് മാസമായി താഴ്ചയിലാണെന്ന് എഞ്ചിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗരോഡിയ പറയുന്നു. സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തീരുവ, സമുദ്ര, വ്യോമ ചരക്കുനീക്കങ്ങള്‍ക്കുള്ള ജിഎസ്ടി എന്നിവയും വെല്ലുവിളി ഉയര്‍ത്തുന്നു.
കുറഞ്ഞ ആഗോള പണലഭ്യത ചൂണ്ടിക്കാട്ടിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്, കയറ്റുമതി വരുമാനം വീണ്ടെടുക്കുന്നതിനും തിരിച്ചയക്കുന്നതിനുമുള്ള സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ടു. നിലവിലുള്ള 9 മാസം നീട്ടണമെന്നാണ് ആവശ്യം. അത് വിപണനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
സ്വര്‍ണ്ണത്തിന്റെ ലഭ്യതക്കുറവാണ് രത്‌ന, ആഭരണ വിഭാഗം നേരിടുന്ന പ്രശ്‌നം. അതേസമയം കെമിക്കല്‍ കയറ്റുമതിക്കാര്‍ ആര്‍ഒഡിടിഇപി ആനുകൂല്യങ്ങള്‍ തേടി. യു.എസ്,യുകെ, കാനഡ, ചൈന എന്നിവിടങ്ങളിലെ ഡിമാന്റ് ഇടിവും ചര്‍ച്ചയായി.