ന്യൂഡൽഹി: രാജ്യത്ത് കാപ്പി കയറ്റുമതിയിൽ വൻ കുതിപ്പ്. നടപ്പു സാമ്പത്തികവർഷം ആദ്യ ആറ് മാസത്തിൽ 7,771.88 കോടി രൂപയുടെ കയറ്റുമതിയാണ് ചെയ്തത്. 55 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ കയറ്റുമതി വരുമാനം 4,956 കോടി രൂപയായിരുന്നു.
ഈ വർഷം ഇതുവരെ 2.2 ലക്ഷം ടൺ കാപ്പി കയറ്റുമതി ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇക്കാലയളവിൽ 1.91 ടണ്ണായിരുന്നു. 15 ശതമാനത്തിന്റെയാണ് വർദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര ഉപഭോഗം കുറവായതിനാൽ തന്നെ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 80 ശതമാനവും കയറ്റുമതിയാണ്. കഴിഞ്ഞ സാമ്പത്തികവർഷം 3.6 ലക്ഷം ടണ്ണായിരുന്നു രാജ്യത്തെ കാപ്പി ഉത്പാദനം.
ഇറ്റലിയിലേക്കാണ് പ്രധാനമായും കയറ്റുമതി. ജർമനി, റഷ്യ, യുഎഇ, ബെൽജീയം തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ കാപ്പി കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങളാണ്. കയറ്റുമതിയുടെ 45 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്.
കർണാടകയാണ് കാപ്പി ഉത്പാദനത്തിൽ മുന്നിൽ. 70 ശതമാനവും കർണാടകയുടെ സംഭാവനയാണ്. രണ്ടാം സ്ഥാനത്ത് കേരളമാണ്. രാജ്യത്തെ മൊത്ത ഉത്പാദനത്തിന്റെ 20 ശതമാനം വരുമിത്. വയനാട്ടിലാണ് കേളത്തിൽ കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത്.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാപ്പി ഉത്പാദിപ്പിക്കുന്നുണ്ട്. മൂന്നാം സ്ഥാനത്ത് തമിഴ്നാടാണ്.
വിദേശ വിപണിയിലെ കാപ്പി പ്രിയം ആഭ്യന്തര വിപണിയിലും വൻ കുതിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. റോബസ്റ്റ് കാപ്പിക്കുരുവിന് 235 രൂപ വരെയും പരിപ്പിന് 400 രൂപ വരെയും വില ലഭിക്കുന്നുണ്ട്. ആറ് മാസത്തിനിടെ കാപ്പിക്കുരുവിന് 53 രൂപ വരെയും പരിപ്പിന് 65 രൂപ വരെയും വില ഉയർന്നിരുന്നു.
കേരളത്തിൽ പ്രധാനമായും റോബസ്റ്റ, അറബിക്ക എന്നീ ഇനങ്ങളാണ് ഉത്പാദിപ്പിക്കുന്നത്.