ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരക്ക് കയറ്റുമതി നവംബറില്‍ നാമമാത്ര വര്‍ധനവ് നേടി. 0.6 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് കയറ്റുമതി 31.99 ബില്യണ്‍ ഡോളറാവുകയായിരുന്നു. വാണിജ്യ മന്ത്രാലയം ഡിസംബര്‍ 15 ന് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ മാസ കയറ്റുമതി 17 ശതമാനം ചുരുങ്ങി 29.78 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 ഫെബ്രുവരിക്ക് ശേഷമുള്ള കുറവ് സംഖ്യയായിരുന്നു അത്. കയറ്റുമതി നാമമാത്ര വര്‍ധനവ് മാത്രമാണ് നേടിയതെങ്കിലും ഇറക്കുമതി നവംബര്‍ മാസത്തില്‍ 5.4 ശതമാനം ഉയര്‍ന്ന് 55.88 ബില്യണ്‍ ഡോളറായിട്ടുണ്ട്.
അതേസമയം, ചരക്ക് വ്യാപാര കമ്മി നവംബറില്‍ 23.89 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ കയറ്റുമതി 11.1 ശതമാനം വര്‍ധിച്ച് 295.26 ബില്യണ്‍ ഡോളറായി ഉയര്‍ന്നപ്പോള്‍ ഇറക്കുമതി 29.5 ശതമാനം ഉയര്‍ന്ന് 493.61 ബില്യണ്‍ ഡോളറിലെത്തി.
സേവനങ്ങള്‍ ഉള്‍പ്പെടെ, കണക്കുകൂട്ടുമ്പോള്‍ ഏപ്രില്‍-നവംബര്‍ കാലയളവിലെ കയറ്റുമതി വര്‍ധനവ് 17.7 ശതമാനമാണ്. മൊത്തം കയറ്റുമതി 499.67 ബില്യണ്‍ ഡോളര്‍. സേവനങ്ങളുള്‍പ്പടെയുള്ള ഇറക്കുമതി 29.5 ശതമാനം ഉയര്‍ന്ന് 610.70 ബില്യണ്‍ ഡോളറായി.
ആഗോള മാന്ദ്യത്തിനിടയില്‍ ആഭ്യന്തര ഡിമാന്‍ഡ് സ്ഥിരമായി തുടരുന്നതാണ് ഉയര്‍ന്ന ഇറക്കുമതിയ്ക്ക് കാരണമെന്ന് വാണിജ്യമന്ത്രാലയം വിശദീകരിക്കുന്നു. ആഗോള തലത്തില്‍ സാഹചര്യങ്ങള്‍ മോശമാണെങ്കിലും ഇന്ത്യയുടെ വ്യാപാരം മുന്നേറുകയാണ്. മാന്ദ്യം ഉണ്ടായിരുന്നിട്ടും, കയറ്റുമതി വര്‍ധിച്ചു, മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചില മേഖലകള്‍ തിരിച്ചടി നേരിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു. എഞ്ചിനീയറിംഗ്,ഇരുമ്പ് അയിര് ഉത്പന്നങ്ങള്‍ ഉദാഹരണം. കൂടാതെ സ്റ്റീല്‍ കയറ്റുമതിയ്ക്ക് ഏര്‍പെടുത്തിയിരുന്ന തീരുവ എഞ്ചിനീയറിംഗ് ഉത്പന്നങ്ങളുടെ പ്രകടനത്തെ ബാധിച്ചു.
നിലവില്‍ തീരുവ എടുത്തുമാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും മാസങ്ങളില്‍ സംഖ്യ മെച്ചപ്പെടും.